മതിചൂതപഞ്ചകം
കുസുമമഞ്ജരീവൃത്തത്തില്‍ വിരചിതമായ ഈ സ്തോത്രത്തില്‍ അഞ്ചു ശ്ലോകങ്ങളേ അടങ്ങീട്ടുള്ളു. പനമണ്ണുക്ഷേത്രത്തില്‍ കൃഷ്ണസ്വാമിയെയാണു് വന്ദിക്കുന്നതു്. ഒരു ശ്ലോകം ചുവടേ ചേര്‍ക്കുന്നു.
ʻʻആച്ചിമാര്‍മനയില്‍ മച്ചകത്തുറിയില്‍
വെച്ചിരുന്ന തയിര്‍വെണ്ണപാല്‍
കാല്‍ച്ചിലമ്പൊലിയെ മെല്ലവേ...വരി
മാച്ചുചെന്റു പരുകുന്നവന്‍
വാച്ച കാലികളെ മേച്ചവന്‍ മഹിത-
കാശ്യപാദിമുനിവന്ദിതന്‍
മാച്ചെഴാതെ പനമണ്ണമര്‍ന്ന മതി-
ചൂതനെന്‍ മനസി ഭാസതാം.ˮ
ʻമതിചൂതന്‍ʼ മധുസൂദനനായിരിക്കാം. പനമണ്ണു് എവിടെയാണെന്നു് അറിയുന്നില്ല.
ആദിത്യവര്‍മ്മ മഹാരാജാവിന്റെ രണ്ടു സ്തോത്രങ്ങള്‍
ഉണ്ണുനീലിസന്ദേശംവഴിക്കു നമുക്കു സുപരിചിതനായിത്തീരുന്ന ആദിത്യവര്‍മ്മമഹാരാജാവു് മണിപ്രവാളത്തില്‍ രണ്ടു ചെറിയ വിഷ്ണുസ്തോത്രങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. അവ തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിയെപ്പറ്റിയുള്ള ദശാവതാരചരിതവും തിരുവട്ടാറ്റു് ആദികേശവസ്വാമിയെപ്പറ്റിയുള്ള അവതരണദശകവുമാണു്. രണ്ടിലും ഓരോ ഫലശ്രുതി ശ്ലോകമുള്‍പ്പെടെ പതിനൊന്നു വീതം ശ്ലോകങ്ങളുണ്ടു്. ആദ്യത്തേതു ശാര്‍ദ്ദൂലവിക്രീഡിതത്തിലും രണ്ടമത്തേതു സ്രഗ്ദ്ധരയിലും രചിച്ചിരിക്കുന്നു. അവതരണദശകം ദശാവതാരചരിതത്തെക്കാള്‍ വിശിഷ്ടമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തില്‍ അഖിലകലാവല്ലഭന്‍ എന്ന ബിരുദത്തോടുകൂടി കൊല്ലം ശാഖയില്‍പ്പെട്ട ഒരു ആദിത്യവര്‍മ്മമഹാരാജാവു് ജീവിച്ചിരുന്നു. ചിലരുടെ പക്ഷം അദ്ദേഹമായിരിക്കാം പ്രസ്തുത സ്തോത്രങ്ങളുടെ കര്‍ത്താവു് എന്നും മറ്റു ചിലരുടേതു് 1610-ല്‍ വഞ്ചിരാജ്യം ഭരിച്ചിരുന്ന ആദിത്യവര്‍മ്മാവായിരിക്കാമെന്നുമാകുന്നു. ഇത്തരത്തിലുള്ള ഊഹങ്ങളെല്ലാം ഭാഷാരീതിക്കു വിരുദ്ധങ്ങളാണു്. ഈ സ്തോത്രത്തില്‍ ʻന്‍റʼ എന്നു പലപ്പോഴും പ്രയോഗിച്ചുകാണുന്നതു ലേഖകപ്രമാദമായിരിക്കാം എന്നുപോലും രണ്ടാമത്തെ കൂട്ടര്‍ അവരുടെ വാദത്തിന്റെ ബലത്തിനായി ആശങ്കിക്കുന്നു. സാഹിത്യനിപുണനായ 14-ആം ശതകത്തിലെ ആദിത്യവര്‍മ്മാവിനു തന്നെയാണു് ʻമാനം ചേര്‍ʼ ʻചോരയാ പുരയന്തംʼ മുതലായ പ്രയോഗങ്ങളടങ്ങിയ ഇവയുടെ കര്‍ത്തൃത്വത്തിനു് അധികമായ അധികാരിഭാവമുള്ളതു്. ഫലശ്രതി ശ്ലോകങ്ങള്‍ താഴെ കുറിക്കുന്നു.
ʻʻസ്യാനന്ദൂരപുരാധിവാസനിരതേ ശ്രീപത്മനാഭപ്രഭൗ
മാനംചേര്‍ ചിറവായ് നരേന്ദ്രവരനാമാതിച്ചവര്‍മ്മേരിതം
നാനാഭാവദശാവതാരചരിതം നിത്യം പഠിച്ചീടുവോര്‍
നൂനം വാഴുവര്‍ ഭൂതലേ ചിരമഥോ യാസ്യന്തി വിഷ്ണോഃ പദം.ˮ (ദ: ച:)
ˮചേണാര്‍ന്നീടിന്റ വേണാടഴകൊടു പരിപാലിക്കുമാതിച്ചവര്‍മ്മ-
ക്ഷോണീപാലേന വാട്ടാറ്റിതമൊടു മരുവും കേശവായ പ്രക്ണുപ്തം
വാണീബന്ധം മദീയാവതരണദശകം സൂചയന്തം പഠന്തോ
നീണാള്‍ വാണീടുവോരിദ്ധരണിയിലഥ തേ വിഷ്ണുലോകം പ്രയാന്തിˮ (അ: ദ:)
മറ്റു ചില ശ്ലോകങ്ങള്‍കൂടി ഉദ്ധരിക്കാം.
ʻʻക്ഷീരാംഭോനിധി ദേവദൈത്യനിവഹം കൂടിക്കടഞ്ഞന്റുടന്‍
നേരേ താണ്ണ ധരാധരം ച മുതുകില്‍ താങ്ങിന്റ കൂര്‍മ്മാകൃതിം
പാരില്‍പ്പൊങ്ങിനതെന്നനന്തപുരമുറ്റാനന്ദനിദ്രാവഹം
നീരേറും ജലദാളിനീലവപുഷം ശ്രീപത്മനാഭം ഭജേ.ˮ
ʻʻവ്യാമോഹത്തെ വരുത്തുമഞ്ചിതരുചിം മാരീചമായാമൃഗം
ചാമാറെയ്തവിധൗ രുഷാ ദശമുഖേ സീതാം ഗൃഹീത്വാ ഗതേ
സീമാതീതശരൈര്‍ന്നിശാചരകുലം നിശ്ശേഷമാക്കും വിഭും
രാമം കാരണമാനുഷം ഗുണനിധിം ശ്രീപത്മനാഭം ഭജേ.ˮ
ʻʻഫേനാംഭോരാശിമദ്ധ്യേ മറകളതിതരാം പോയ്‌മറഞ്ഞോരുനേരം
ദീനേ നാഥേ പ്രജാനാം ഝടിതി ദനുസുതം കൊന്റു പാതാളലോകാല്‍
നാനാവേദാന്‍ വിരിഞ്ചന്നരുളിയതിമുദാ വാരിരാശൗ കളിക്കും
മീനാകാരം വഹിച്ചീടിന ഭുവനവിഭും കേശവം കൈതൊഴിന്‍റേന്‍.ˮ
ˮകോപോദ്രേകേണ സാകം നിഹിതപരശുനാ കൊന്റു മുവേഴുവട്ടം
ഭൂപാലാനാം നികായം നിജപിതൃനിയമം ചോരയാ പൂരയന്തം
ഭൂഭാരത്തെക്കെടുപ്പാന്‍ വിരവൊടു ജമദഗ്ന്യാത്മജത്വേന ലോകേ
ശോഭിക്കും രാമഭദ്രം മുനിവരവപുഷം കേശവം കൈതൊഴിന്റേന്‍.ˮ
ʻʻപൊല്‍പ്പൂമാതിന്‍ കടാക്ഷാഞ്ചലമധുപലസദ്വക്‌ത്രാപത്മാഭിരാമം
മല്‍പാപാം ഭോധിവേലാതരണപരിലസല്‍പോതപാദാരവിന്ദം
ഒപ്പേറും പാല്‍ക്കടല്‍ക്കങ്ങുപരി വസുമതീധാരതല്പേ ശയാനം
കല്പാന്തേ കല്കിയാകും മുരമഥനമഹം കേശവം കൈതൊഴിന്റേന്.ˮ
No comments:
Post a Comment