ചില നഷ്ടപ്രായങ്ങളായ കൃതികള്‍
ലീലാതിലകത്തില്‍ ' മണിപ്രവാളകൃതികളില്‍നിന്നു ശ്ലോകങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ടു്. ആ കൃതികളെപ്പറ്റി നമുക്കിപ്പോള്‍ യാതൊരറിവുമില്ല.
സന്ദേശങ്ങള്‍: ഉണ്ണുനീലിസന്ദേശത്തിനു പുറമേ വേറെയും പല സന്ദേശങ്ങള്‍ അക്കാലത്തു വിരചിതങ്ങളായിരുന്നിരിക്കണം. അവയിലൊന്നാണു് കാകസന്ദേശം. അതില്‍ നിന്നു ലീലാതിലകകാരന്‍ ഒരു ശ്ലോകം എടുത്തു ചേര്‍ത്തിട്ടുണ്ടു്.
ʻʻസ്വസ്രേ പൂര്‍വം മഹിതനൃപതേര്‍വിക്രമാദിത്യനാമ്നഃ
പോക്കാംചക്രേ തരുണജലദം കാളിദാസഃ കവീന്ദ്രഃ
ത്വം കൂത്തസ്ത്രീ വടുരതികളോ ദുഷ്കവിം ചാഹമിത്ഥം
മത്വാത്മാനം തവ ഖലു മയാ പ്രേഷിതഃ കാക ഏവ.ˮ
ഇതിലേ
ʻʻആറ്റൂര്‍നീലീവിരഹവിധുരോ മാണിരത്യന്തകാമീ
മാത്തൂര്‍ജാതോ മദനവിവശസ്ത്യക്തവാനൂണുറക്കൗˮ
എന്ന ശ്ലോകാര്‍ദ്ധത്തില്‍ സൂതനായ മാത്തൂരില്ലത്തെ ബ്രഹ്മചാരിതന്നെയോ അതിലെ നായകനെന്നും ആറ്റൂര്‍ നീലിതന്നെയോ നായികയെന്നും തീര്‍ച്ചപ്പെടുത്തുവാന്‍ തരമില്ല.
ʻʻആടല്‍ച്ചില്ലിക്കൊടി നെറിയല്‍കെട്ടാനനേന്ദോര്‍ന്നിറംകെ-
ട്ടേലക്കോലപ്പുരികുഴലുലര്‍ന്നേകവേണീം ദധാനാ
താനേതന്നെപ്പെരുതുടല്‍ മെലിഞ്ഞായിനാളന്യരൂപാ
കാണക്കാണക്കരതലഗതാ ഹന്ത പൂമാലപോലെ.ˮ
ʻʻമാരന്‍ മാനിച്ചണിയുമുടവാള്‍വല്ലരീമുണ്ണിയാടീ-
മോരോ വിദ്യാകുശലരുമിതംകൊണ്ടു കൊണ്ടാടുമേടം.ˮ
ʻʻനീരാടമ്മേ! നിവസനമിദം ചാര്‍ത്തു ദേവാര്‍ച്ചനായാ-
മെപ്പോഴും നീ കൃതമതിരതും മുട്ടുമാറായിതല്ലോ-
എന്റീവണ്ണം നിജപരിജനപ്രാര്‍ത്ഥനം കര്‍ത്തുകാമാ
കേഴന്തീ വാ രഹസി വിരഹവ്യാകുലാ വല്ലഭാ മേ.ˮ
ʻʻപണ്ടില്ലാതോരമൃതു പതിനാറാണ്ടു പുക്കോരു പത്മാ
പൂപ്പാന്‍ പൊന്നിന്മുകുളമുളവാനോരു ഭൂകല്പവല്ലീ
അംഭോജംകൊണ്ടണിമതിനിറം തൂകുവോരിന്ദുലേഖാ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.ˮ
ചിത്രാകരാ ജായതി ചിരിതേവീതി മേ ചിത്തനാഥാ.ˮ
ഇവയെല്ലാം മറ്റു ചില സന്ദേശങ്ങളിലുള്ള ശ്ലോകങ്ങളാണെന്നു തോന്നുന്നു.
രാജചരിതകാവ്യങ്ങള്‍
കൊല്ലത്തെ ഗോദമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനെപ്പറ്റി ചില ശ്ലോകങ്ങള്‍ ലീലാതിലകത്തിലുണ്ടു്.
ʻʻഎണ്ണിക്കൊള്ളാനരിയ ഗുണവാനെണ്മര്‍ചാമന്തരെന്നും
താരാശ്രേണീനടുവില്‍ മറവില്ലാത താരാമണാളഃ
മാറ്റാരെന്നും കുഴുമിയപതങ്ഗാനലോഭൂല്‍ പുരേസ്മിന്‍
കോളംബാംഭോരുഹദിനമണിഃ കോതമാര്‍ത്താണ്ടര്‍ പണ്ടു്.ˮ
ʻʻതസ്മിന്‍ കാലേ ഭുവി യദൂശിശോര്‍ജ്ജന്മമാകിന്റ മാധ്വീം
പീത്വാ മത്തോ നിജപരിഷദാമര്‍ത്ഥിനാം ചേതരേഷാം
കൈ നോവോളം കഥമപി ധനംകൊണ്ടു തര്‍പ്പിച്ചു കാമം
കോരിക്കൊള്‍കെന്റുടനരുളിനാന്‍ കോതമാര്‍ത്താണ്ഡവീരഃ.ˮ
വീരമാര്‍ത്താണ്ഡനെന്നു മറ്റു ചില ശ്ലോകങ്ങളില്‍ പറഞ്ഞിരിക്കുന്നതും അദ്ദേഹത്തെത്തെന്നെയാണെന്നു തോന്നുന്നു. തുലുക്കരോടു പടവെട്ടിയ വിക്രമപാണ്ഡ്യനേയും ഒരു ശ്ലോകത്തില്‍ വര്‍ണ്ണിച്ചിരിക്കുന്നതു കാണാം.
ʻʻഏറ്റം തിമര്‍ത്തു തിറമുറ്റണയും നൃപാന്‍ താന്‍
കാറ്റത്തു സംവലിതതൂലസമാന്‍ വിതേനേ
ചീറ്റത്തിനാല്‍ മതിമറന്ന മഹാനുഭാവന്‍
കൂറ്റത്തിലും കൊടിയ വിക്രമ പാണ്ഡ്യസിംഹഃ.ˮ
ʻʻപരമുടനേ പരപൃതനാം പാണ്ഡ്യനൃപഃ ഖണ്ഡയാഞ്ചകാര ഗളേ
തുരഗാരൂഢാസ്ത്വരയാ തുരുതുരെ മണ്ടീ തുരുക്കരെല്ലാരും.ˮ
എന്ന പദ്യവും ആ രാജാവിനെസ്സംബന്ധിച്ചുള്ളതായിരിക്കണം. ʻദ്രോണായ ദ്രുപദംʼ എന്ന വീരരവിവര്‍മ്മപ്രശസ്തിപരമായ പദ്യം ഞാന്‍ മറ്റൊരവസരത്തില്‍ ഉദ്ധരിച്ചിട്ടുണ്ടല്ലോ. ഇവയില്‍നിന്നെല്ലാം ഒന്നോ അതിലധികമോ പദ്യകൃതികള്‍ ഈ രാജാക്കന്മാരെ അധികരിച്ചു വിരചിതങ്ങളായിരുന്നു എന്നു തെളിയുന്നു. അവ ലഭിച്ചാല്‍ അക്കാലത്തെ ദേശചരിത്രത്തെപ്പറ്റി ഒട്ടുവളരെ പുതിയ വിവരങ്ങള്‍ നമുക്കറിവാന്‍ കഴിയുമായിരുന്നു. കൊല്ലത്തെ ഗോദമാര്‍ത്താണ്ഡവര്‍മ്മാവു് ആരാണു്? ʻയദുശിശുʼ വീരരരവിവര്‍മ്മാവാണെങ്കില്‍ ജയസിംഹന്റെ യഥാര്‍ത്ഥനാമധേയം ഗോദമാര്‍ത്താണ്ഡനെന്നു് ആയിരുന്നു എന്നൂഹിക്കേണ്ടിയിരിക്കുന്നു. അഥവാ യദുശിശുവിന്റെ മാതുലനായിരിക്കുമോ അദ്ദേഹം? ആ വഴിത്തൊന്നും യാതൊരു പ്രകാശവും ലഭിക്കുന്നില്ല.
ശൃങ്ഗാരശ്ലോകങ്ങളും ദേവതാസ്തോത്രങ്ങളും
ഇത്തരത്തിലുള്ള കാവ്യങ്ങള്‍ക്കു പുറമേ പല സുന്ദരിമാരെ വര്‍ണ്ണിക്കുന്ന ശ്ലോകങ്ങളും ലീലാതിലകത്തില്‍ സുലഭങ്ങളാണു്.ഉണ്ണിനങ്ങ (13) നങ്ങ (14, 94) മകളിയത്തു മാധവി (39) നാരണി (41) നാരണിയുടെ മകള്‍ (15, 21, 42, 55, 62, 80) ഉമ്മിണിയുടെ മകള്‍ (42) കോളിക്കല്‍ നങ്ങ (44) (ഈ സ്ത്രീയും 14-ആം പുറത്തില്‍ സ്മരിക്കപ്പെട്ടിട്ടുള്ള നങ്ങയും ഒന്നാണോ എന്നറിവില്ല) കൂറ്റമ്പില്‍ ഇളയച്ചി (44) നീലി (52, 82) രോഹിണി (53) ചോതി (45) ചിരിതേവി (45, 54, 64) കോടി (66, 70, 82) പള്ളിപ്പുഴ മാധവി (69) ഉണ്ണുനീലി (67) അപ്പാച്ചി (75, 78) അച്ചിയുടെ മകള്‍ ഉദയപുരത്തെ ചെറിയച്ചി, സാക്ഷാല്‍ മുണ്ടയ്ക്കല്‍ ഉണ്ണുനീലി ഇങ്ങനെ എത്ര മഹിളാമണികളെ വാഴ്ത്തിയുള്ള ശ്ലോകങ്ങളാണു് ആചാര്യന്‍ ഉദ്ധരിച്ചിരിക്കുന്നതു്. ഇവരില്‍ ചെറിയച്ചിയേയും ഉണ്ണുനീലിയേയും പറ്റി മാത്രമേ അന്യത്ര കേട്ടിട്ടുള്ളുവല്ലോ. ദ്രാവിഡവൃത്തങ്ങളിലുള്ള ചില പദ്യങ്ങളേയും ആചാര്യന്‍ വിസ്മരിക്കുന്നില്ല. ʻതരതലന്താന്‍ʼ എന്ന പാട്ടിനെപ്പറ്റി മുമ്പു പ്രസ്താവിച്ചുകഴിഞ്ഞു.
ʻʻവേശ്യാനാമൊരു വേശ്മകണക്കേ
തമ്മിലിണങ്ങിന തരളഭുജങ്ഗം
ഭഗണപുരഃസ്ഥിതപലകകണക്കേ
പരല്‍നിരകൊണ്ടു പരത്തിന ഭാഗംˮ (67)
ʻചുഴലമരുവാരുടെ ചോരിതന്‍ പരിമള-
ഛുരിതപുരികച്ഛടാഘ്രാണനംചെയ്കയും.ʼ (43)
ഈ വരികള്‍ നോക്കുക. ഭക്തിഭാവത്തെ പോഷിപ്പിയ്ക്കുന്ന ദുര്‍ല്ലഭം ചില ശ്ലോകങ്ങളും ഇല്ലാതില്ല.
ʻപൊന്നിന്‍മാലയണിഞ്ഞ പോര്‍മുലയിണക്കുന്നിങ്കലൊന്റീടുവാന്‍
പൊന്നില്ലായുകയോ പകുത്തുടല്‍ മലപ്പെണ്ണിന്നു നല്കിന്റതു്
പൊന്നിന്മാമല വില്ലുമാക്കിയ വിഭോ! തീര്‍ക്കെങ്ങള്‍ താപങ്ങളെ-
പ്പൊന്നിന്‍മാളിക വിണ്ണുളാര്‍പുരിതൊടും തൃക്കാരിയൂരണ്ണലേ!ˮ
കാലയവനികയ്ക്കുള്ളില്‍ എന്നെന്നേയ്ക്കുമായി തിരോധാനം ചെയ്തു കഴിഞ്ഞതുപോലെ തോന്നുന്നതും ഈ ശ്ലോകങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ അനേകം ഗ്രന്ഥങ്ങളില്‍ ചിലതെങ്കിലും നിപുണന്മാരായ ഗവേഷകന്മാരുടെ നിരന്തരവും നിസ്തന്ദ്രവുമായ പരിശ്രമത്തിന്റെ ഫലമായി വീണ്ടും സൂര്യപ്രകാശമേല്ക്കുമെന്നു നമുക്കാശിക്കാം.
No comments:
Post a Comment