സ്പന്ദിക്കുന്ന അസ്ഥിമാടം അവതാരിക

സ്പന്ദിക്കുന്ന അസ്ഥിമാടം

അവതാരിക

- പൊന്‍കുന്നം വര്‍ക്കി

അവശതയുടെ ഒരു സമ്മതപത്രമാണ് അവതാരിക. കവിത കെട്ടിയെടുക്കുന്നവര്‍ പലര്‍ക്കും അത് അത്യാവശ്യമായിത്തീര്‍ന്നിരിക്കുന്നു. കവികള്‍ ഇവിടെ ഒട്ടും കുറവല്ല. അച്ചടിശാലകളില്‍ നിന്ന് ഇറങ്ങിത്തിരിക്കുന്ന വിവാഹമംഗളാശംസാപത്രികകളും വിശേഷാല്‍പ്രതികളുമൊക്കെ അതു സമ്മതിക്കുന്നു. 'നൂറുനൂറ്റാണ്ടുകാല'വുമായി ഇറങ്ങിത്തിരിക്കുന്ന കവിമല്ലന്മാര്‍ വളരെപ്പേര്‍ നമ്മുടെ ദിവസങ്ങളുമായി ബന്ധപ്പെട്ടു ജീവിച്ചുപോരുന്നു. ചില അവതാരികകള്‍ കാണുമ്പോളാണ് കൂട്ടത്തില്‍ ജീവിച്ചുപോരുന്ന പ്രസ്തുതകവികളുടെ അതുവരെ അറിയാതിരുന്ന അബദ്ധം നമുക്കു മനസ്സിലാകുക. എന്നാല്‍ ശ്രീ ചങ്ങമ്പുഴയെപ്പോലെ വിശ്രുതനായ ഒരു കവി അവതാരികാരോഗത്തില്‍ നിന്നു ഇനിയും വിമുക്തനാകാത്തത് അദ്ഭുതകരമായിരിക്കുന്നു. വിദിതന്മാരും വിജ്ഞന്മാരുമായ സാഹിത്യോപാസകന്മാര്‍, സഹൃദയന്മാരെ പരിചയപ്പെടുത്താന്‍ അവതാരകന്മാരായി ചിലപ്പോള്‍ പ്രത്യക്ഷപ്പെടാറുണ്ട്. സപന്ദിക്കുന്ന അസ്ഥിമാടം എന്ന ഈ വിശിഷ്ടകൃതി അവതാരികയ്ക്കായി അയച്ചുതന്നപ്പോള്‍ എനിക്ക് ഞെട്ടലാണ് ഉണ്ടായത്. അവതാരികാകാരനെ പരിചയപ്പെടുത്തുവാന്‍ അദ്ദേഹം പ്രതിലോമഗതിയില്‍ സഞ്ചരിക്കുന്നു എന്നേ ഇതിനര്‍ത്ഥമുള്ളു. ഏതായാലും ഈ വിട്ടവീഴ്ച്ചയ്ക്കു ഞാന്‍ എന്‍റെ കൃതജ്ഞത ആദ്യമായി അദ്ദേഹത്തിനു സമര്‍പ്പിച്ചുകൊള്ളുന്നു.
കേരളം ഒട്ടേറെ കവികളെ പോറ്റുകയുണ്ടായി. എന്നാല്‍ കേരളത്തെ സൃഷ്ടിക്കുവാന്‍ ശ്രമിച്ച കവികള്‍ നന്നേ അപൂര്‍വ്വമാണ്. പദ്യം 'കെട്ടിയെടുക്കുന്ന'തിലാണ് അവരുടെ ശ്രദ്ധ ഏകാഗ്രതയോടുകൂടിനിന്നത്. ഇതു നിമിത്തം ഗദ്യശാഖയെ അപേക്ഷിച്ച് വല്ലാത്ത ഒരു പള്ളവീര്‍ക്കല്‍ പദ്യത്തിന് ഉണ്ടായിട്ടുണ്ട്. സാഹിതത്യശരീരത്തില്‍ ഒരു വശത്തിനു മാത്രമായുണ്ടായ ഒരു പ്രത്യേകതരം നീര്‍വീഴ്ച്ചയായിച്ചാണ്, ഇതു പരിണമിച്ചിരിക്കുന്നത്. മലയാളഭാഷയുടെ ചരിത്രത്തില്‍ ജീവിതവും സാഹിത്യവും അനന്തതയില്‍ വെച്ചുപോലും യോജിക്കാത്ത രണ്ടു സമാന്തരരേഖകളായി സഞ്ചരിച്ചിരിക്കുന്നു. രാജാക്കന്മാരുടെയും പ്രഭുക്കന്മാരുടെയും ഔദാര്യം സ്വീകരിച്ച് അവരുടെ ആശ്രിതന്മാരായി ജീവിച്ച കവികള്‍ തങ്ങളുടെ സുഭിക്ഷതയുടെ ഭ്രമത്താല്‍ കാണേണ്ടതു കണ്ടില്ല. ഉപരിതലത്തില്‍ നിന്ന ന്യൂനപക്ഷത്തിനു വേണ്ടി താഴ്‌വരകളില്‍ തളിര്‍ത്തു കിടന്ന ഭൂരിപക്ഷത്തെ അവരില്‍ അധികം പേരും വിസ്മരിച്ചു. കല്പനാലോകത്തില്‍ മനുഷ്യബന്ധമില്ലാത്ത കുമിളക്കൂട്ടങ്ങള്‍ അവര്‍ ഊതിവീര്‍പ്പിച്ചു. സ്ത്രീകളുടെ ബാഹ്യാകാരത്തെ മാത്രം ഭംഗിയായി പരിശോധിക്കാതെയിരുന്നില്ല. അതില്‍ ഉന്തിയും പൊന്തിയും തുടുത്തും കാണപ്പെട്ട ഭാഗങ്ങള്‍ക്കുവേണ്ടി തങ്ങളുടെ പ്രധാനപ്പെട്ട പദങ്ങളെ നിര്‍ല്ലോഭം വാരിയെറിഞ്ഞു. മനുഷ്യഹൃദയത്തെ തുറക്കാനും, ഉന്നതചിന്തകളെ അഴിച്ചുവിടാനുമുള്ള ആഹ്വാനം അറിയാതെതന്നെ, നമ്മുടെ ചില സാഹിത്യവ്യവസായികള്‍ക്കു കവികുലകിരീടപതിമാരാകാന്‍ സാധിച്ചു. സ്വതന്ത്രമായ ഒരു ജനതതിയെ സൃഷ്ടിക്കേണ്ട വേദനയില്‍ നിന്ന് അവര്‍ വിദൂരവര്‍ത്തികളായിരുന്നു. മാന്തളിരുണ്ടു കണ്ഠം തെളിച്ചു കളകാകകളിരവമുയര്‍ത്തിയ പൂങ്കുയിലുകള്‍, ആടുന്ന മയിലുകള്‍, കാമോത്സവം കൊണ്ടാടുന്ന അമരസുന്ദരിമാര്‍, പ്രേമത്തിനു വേണ്ടി ജീവത്യാഗം ആചരിച്ച കുറേ രക്തസാക്ഷികള്‍- ഇതിന്നപ്പുറത്ത് അന്നൊരു പ്രപഞ്ചമുണ്ടായിരുന്നില്ല. പരമാര്‍ത്ഥം പറഞ്ഞാല്‍ അവിടെ നിന്ന് ഒരു തീപ്പൊരിപോലും പൊട്ടിത്തെറിച്ചില്ല. അനുഭവങ്ങളുടെ സംഘട്ടനത്തില്‍നിന്ന് ഒരു ഗര്‍ജ്ജനം പോലുമുയര്‍ന്നില്ല. ആപത്തു നിറഞ്ഞ അന്തരീക്ഷത്തില്‍ ജീവിതത്തിന്‍റെ സുസ്ഥിതിയ്ക്കു വേണ്ടി ഒറ്റ വിളംബരം പോലും മുഴങ്ങിയില്ല. ഉപരിതലത്തിലെ വെട്ടിത്തിളക്കിത്തിലല്ലാതെ, ഉള്ളിലെ ചുഴിയിലേക്ക്, ഇറങ്ങിച്ചെന്നില്ല. പക്ഷേ, അവരില്‍ പലരെയും കവികളായി നമമുടെ സാഹിത്യചരിത്രം ബഹുമാനിക്കുന്നു.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...