സ്പന്ദിക്കുന്ന അസ്ഥിമാടം മുഖവുര

സ്പന്ദിക്കുന്ന അസ്ഥിമാടം

മുഖവുര

-ഏ. ബാലകൃഷ്ണപിള്ള

ആധുനിക ഭാഷാപദ്യസാഹിത്യത്തിലെ പരാജയ(റിയലിസ്റ്റ്)പ്രസ്ഥാനത്തിന്‍റെ സ്ഥാപകരില്‍ ഒരാളും, അതിലെ സ്വപ്ന(സര്‍റിയലിസ്റ്റ്)പ്രസ്ഥാനത്തിന്‍റെ സ്ഥാപകനുമാണെന്ന് ഇടപ്പള്ളി രാഘവന്‍പിള്ളയുടെ 'മണിനാദ'ത്തിന്‍റെ അവതാരികയില്‍ ഞാന്‍ പ്രസ്താവിച്ചിട്ടുള്ള മഹാകവി ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള ആധുനികഭാഷാസാഹിത്യത്തിലെ അത്യുജ്ജ്വലവും ബഹുഖവുമായ ഒരു താരമാണെന്ന് നിക്ഷ്പക്ഷമതികള്‍ സമ്മതിക്കുന്നതാണ്. പ്രസ്തുത അവതാരികയില്‍ ഞാന്‍ 'പുരോഗമനസാഹിത്യപ്രസ്ഥാന'മെന്നു പേരിട്ടിട്ടുള്ളതിലും മനംനോക്കി(റൊമാന്റിക്)പ്രസ്ഥാനത്തിലും പെടുന്ന ചില നല്ല ഖണ്ഡകാവ്യങ്ങളും ശ്രീ. ചങ്ങമ്പുഴ രചിച്ചിട്ടുണ്ട്. മേല്പറഞ്ഞ രണ്ടു പ്രസ്ഥാനങ്ങളുടെ സ്ഥാപകനായതിനുപുറമേ, ഭാഷാപദ്യത്തിലെ കാവ്യരീതിയില്‍ ഒരു സ്മരണീയമായ പരിവര്‍ത്തനം വരുത്തിവെച്ചതുനിമിത്തം അദ്ദേഹം ഭാഷാപദ്യസാഹിത്യത്തിലെ ഒരു ഉപപ്രസ്ഥാനനായകന്‍ കൂടിയായി ഭവിച്ചിരിക്കുന്നു. ഭാഷാസാഹിത്യത്തിലെ നവീനപ്രസ്ഥാനങ്ങളേയും ഉപപ്രസ്ഥാനങ്ങളേയും കുറിച്ചു വിവരങ്ങള്‍ ഗ്രഹിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസ്തുത 'മണിനാദ'ത്തിനും, അടുത്തുതന്നെ പ്രസിദ്ധീകരിക്കുന്ന കെടാമംഗലം പപ്പുക്കുട്ടിയുടെ 'കടത്തുവഞ്ചി' എന്ന കവിതാ സമാഹാരത്തിനും ഞാന്‍ എഴുതിയിട്ടുള്ള അവതാരികകള്‍ വായിക്കേണ്ടതാണ്. പരാജയപ്രസ്ഥാനസ്ഥാപകരില്‍ ഒരാളായ ഇടപ്പള്ളി രാഘവന്‍പിള്ളയെ അതിന്‍റെ ഒരു ഘടകമായ വിഷാദാത്മകത്വത്തിന്‍റെ പാരമ്യത്തില്‍ ലോകത്തിലെ ഏറ്റവും കൊടിയ വിഷാദാത്മകമഹാകവിയായ ലിയോപ്പാര്‍ഡി എന്ന ഇത്താലിയനോടും, അതിന്‍റെ മറ്റൊരു സ്ഥാപകനായ ശ്രീ. ചങ്ങമ്പുഴയെ വിഷാദാത്മകത്വത്തിന്‍റെ അല്പിഷ്ഠതയില്‍ ആധുനിക ഇംഗ്ലീഷ് മഹാകവി ലാറന്‍സ് ഹൗസ്മാനോടും സാദൃശ്യപ്പെടുത്താം. കൂടാതെ, ഇടപ്പള്ളിയുടെ വിഷാദാത്മകത്വത്തില്‍ ലിയോപ്പാര്‍ഡിയുടേതിലുള്ളതു പോലെ ഒരു ആദര്‍ശപരത്വവും, ശ്രീ. ചങ്ങമ്പുഴയുടെ വിഷാദാത്മകത്വത്തില്‍ ഹൗസ്മാന്റേതിലുള്ളതു പോലെ ഒരു കയ്പും കലര്‍ന്നിട്ടുണ്ട്.
പരാജയപ്രസ്ഥാനസ്ഥാപകരും സഖാക്കളുമായ ഇടപ്പള്ളിയും ചങ്ങമ്പുഴയും, വിശ്വസാഹിത്യത്തില്‍ ഇടയ്ക്കിടെ കാണാവുന്ന ഒരു വിചിത്രസംഭവത്തിനു ദൃഷ്ടാന്തമായും ഭവിച്ചിട്ടുണ്ട്. പുരുഷസ്വഭാവം പൊന്തിച്ചു നില്ക്കുന്ന ഒരു ദേഹവും, സ്ത്രീ സ്വഭാവം പൊന്തിച്ചു നില്‍ക്കുന്ന മറ്റൊരാളും ഒരേ സമയത്തോ, അടുത്തടുത്തോ സാഹിത്യലോകത്ത് ആവിര്‍ഭവിക്കുന്നതാണ് പ്രസ്തുത വിചിത്രസംഭവം. ഈ സംഭവത്തിനു ദൃഷ്ടാന്തങ്ങളായി ചുവടേ പല സാഹിത്യങ്ങളിലും നിന്ന് എടുത്തു ചേര്‍ത്തിരിക്കുന്ന സാഹിത്യകാരയുഗളങ്ങളില്‍ ആദ്യത്തെ മനുഷ്യനില്‍ പുരുഷസ്വഭാവവും രണ്ടാമത്തെ ദേഹത്തില്‍ സ്ത്രീസ്വഭാവവും പൊന്തിച്ചു നില്ക്കുന്നതായി കാണാം. ഫ്രഞ്ച് സാഹിത്യത്തില്‍, കോര്‍നെയിന്‍, റസീന്‍ എന്നിവരും വോള്‍ തെയര്‍, റൂസ്സോ എന്നിവരും വിക്തര്‍ യൂഗോ, ലമാര്‍തിന്‍ എന്നിവരും റിംബോ, വെര്‍ലെയിന്‍ എന്നിവരും സോല, അല്‍ഫാന്‍സ് ദാദേ എന്നിവരും ഇതിന് ഉദഹരണങ്ങളാണ്. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇത് ഉദാഹരിക്കുന്നവര്‍ ഷെല്ലി, കീറ്റ്‌സ് എന്നിവരും റോബര്‍ട്ട് ബ്രൗണിങ്, ടെന്നിസന്‍ എന്നിവരുമാണ്. ഭാരതീയ സാഹിത്യത്തില്‍ ഇതിന് ഉദാഹരണമായി ഇക്ബാലും ടാഗോറും പരിലസിക്കുന്നു. ഭാഷാസാഹിത്യത്തില്‍ ഇതിനു ദൃഷ്ടാന്തങ്ങള്‍ കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവരും നാലപ്പാട്ട്, ജി. ശങ്കരക്കുറുപ്പ് എന്നവരും ഇടപ്പള്ളി, ചങ്ങമ്പുഴ എന്നിവരും,വൈക്കം മുഹമ്മദ് ബഷീര് , തകഴി എന്നവരും, കെടാമംഗലം പപ്പുക്കുട്ടി, കേശവദേവ് എന്നിവരുമാണ്.
സ്ത്രീ സ്വഭാവത്തില്‍ ആത്മാരാധന (നാര്‍സിസ്സിസ്സം) അതായത്, ബാഹ്യലോകത്തെ ഒരുഉപദ്രവകാരിയായി മാത്രം പരിഗണിക്കുന്നത്, കൂടിയിരിക്കുമെന്നും, പുരുഷസ്വഭാവത്തില്‍ അഹന്ത (ഇഗോട്ടിസം), അതായത് ബാഹ്യലോകത്തെ സ്വാര്‍ത്ഥത്തിനു വേണ്ടി ഉപയോഗിക്കുന്നത്, അധികമായിരിക്കുമെന്നും ഫ്രായിഡിന്‍റെ ഒരു ശിഷ്യനായ ഡാക്ടര്‍. ഫ്രിറ്റ്‌സ് വിറ്റെല്‍സ് എന്ന മനശ്ശാസ്ത്രജ്ഞന്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാഷാസാഹിത്യത്തിലെ തൂലികാചിത്രമെന്ന രൂപസംബന്ധമായ ഉപപ്രസ്ഥാനത്തില്‍പ്പെടുന്ന കൃതികളില്‍, കലാലാവണ്യം മുതലായ അതിന് അവശ്യാവശ്യമായ ഗുണങ്ങളെ ആസ്പദിച്ചു പ്രഥമസ്ഥാനം അര്‍ഹിക്കുന്ന ശ്രീ. വക്കം അബ്ദുല്‍ ഖാദറുടെ 'തൂലികാചിത്രങ്ങള്‍' എന്ന കൃതിയില്‍, സൂക്ഷ്മനിരീക്ഷകനായ ആ സാഹിത്യകാരന്‍ ശ്രീമാന്മാരായ ജി. ശങ്കരക്കുറുപ്പും ചങ്ങമ്പുഴയും പ്രതികൂലവിമര്‍ശനം കൊണ്ട് അധികം ക്ഷോഭിക്കുന്നവരാണെന്ന് ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഇതിനു കാരണം ഈ മഹാകവികളില്‍ സ്ത്രീസ്വഭാവഘടകമായ നാര്‍സിസ്സിസ്സം പൊന്തിച്ചുനില്‍ക്കുന്നതാണു താനും

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...