ഭക്തിപ്രസ്ഥാനം

ഭക്തിപ്രസ്ഥാനം ഭാരതത്തില്‍.....

ഭാരതത്തില്‍ ഉണ്ടായ ഒരു നവോത്ഥാനപ്രസ്ഥാനമാണ് ഭക്തിപ്രസ്ഥാനം. 12 മുതല്‍ 17 വരെയുള്ള ശതകങ്ങളില്‍ ഭാരതത്തിലുടനീളം ഭക്തിയുടെ രംഗത്ത് ഉണ്ടായ കവികളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും മൊത്തത്തില്‍ക്കുറിക്കുവാനാണ് 'ഭക്തിപ്രസ്ഥാനം' എന്ന പദം ഉപയോഗിക്കുന്നത്. സാഹിത്യം, ശില്‍പ്പ - ചിത്ര കഥകള്‍, സംഗീതം, നൃത്തം തുടങ്ങിയ പല മേഖലകളിലും ഭക്തിപ്രസ്ഥാനത്തിന്‍റെ സ്വാധീനം പ്രകടമായി. ഒരു ജനകീയ പ്രസ്ഥാനമായിത്തന്നെ ഇതു വികസിച്ചു. ദക്ഷിണഭാരതത്തില്‍ 4 -ആം ശതകത്തില്‍ത്തന്നെ ഭക്തിപ്രസ്ഥാനത്തിന്‍റെ ആരംഭമായി എന്നു പറയാം. വൈഷ്ണവഭക്തന്‍മാരായ ആഴ്വാര്‍മാരും, ശൈവഭക്തന്‍മാരായ നായനാര്‍മാരും തമിഴ്നാട്ടില്‍ ഭക്തിപ്രസ്ഥാനനത്തിന്‍റെ ആദ്യകാല വക്താക്കളായിരുന്നു. ആഴ്വാര്‍മാര്‍ 12 പേരും (പൊയ്കൈ ആഴ്വാര്‍, പൂതത്താഴ്വാര്‍, പേയാഴ്വാര്‍, തിരുമലിശൈ ആഴ്വാര്‍, കുലശേഖര ആഴ്വാര്‍, നമ്മാഴ്വാര്‍, മധുര കവി ആഴ്വാര്‍, പെരിയാഴ്വാര്‍, ആണ്ടാള്‍, തൊണ്ടരടിപ്പൊടിയാഴ്വാര്‍, തിരുപ്പാണാഴ്വാര്‍, തിരുമങ്കൈ ആഴ്വാര്‍ എന്നീ പന്ത്രണ്ട് പേര്‍. അഴകിയനമ്പ എഴുതിയ ഗുരുപരമ്പര എന്ന കൃതിയില്‍ ഈ ആഴ്വാര്‍മാരുടെ ജനനമാസവും നക്ഷത്രവും രേഖപ്പെടുത്തിയിരിക്കുന്നു). ആഴ്വാര്‍മാര്‍ രാമ - കൃഷ്ണഭക്തിക്ക് കൂടുതല്‍ പ്രചാരം നല്‍കിയവരാണ്. പന്ത്രണ്ട് ആഴ്വാര്‍മാരില്‍ ഒരാള്‍ സ്ത്രീയും മറ്റൊരാള്‍ രാജാവായ കുലശേഖര ആഴ്വാരുമായിരുന്നു. ആഴ്വാര്‍മാരുടെ കീര്‍ത്തന സമാഹാരം 'നാലായിരപ്രബന്ധം' എന്ന പേരിലാണ് അറിയപ്പെടുന്നത്. 108 വൈഷ്ണവക്ഷേത്രങ്ങളെക്കുറിച്ച് ആഴ്വാര്‍മാര്‍ പാടിയിട്ടുണ്ട്. ഇവര്‍ രചിച്ച സ്തുതിഗീതങ്ങള്‍ 'പാസുരം' എന്ന പേരില്‍ അറിയപ്പെടുന്നു.

നായനാര്‍മാര്‍ 63 പേരുണ്ട്. നായകന്‍, പ്രമാണി, തലവന്‍, യജമാനന്‍, ശിവനടിയാര്‍ എന്നീ അര്‍ത്ഥങ്ങളാണ്‌ 'നായനാര്‍' എന്ന പദത്തിനു നല്‍കിക്കാണുന്നത്. 'ശേക്കിഴാര്‍ (കുലോത്തുംഗ ചോളന്‍റെ സമകാലികന്‍) സമാഹരിച്ച 'പെരിയപുരാണത്തില്‍' ഇവരുടെ ജീവചരിത്രം ഉള്‍പ്പെടിത്തിയിരിക്കുന്നു. ഇവര്‍ തങ്ങളുടെ കൃതികളിലൂടെ വൈഷ്ണവ - ശൈവഭക്തി പ്രചരിപ്പിക്കുവാന്‍ നിരന്തരം ശ്രമിച്ചു. നായനാര്‍മാരുടെ കൃതികള്‍ 'തിരുമുറൈ' കള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഗാനാരാധനാസമ്പ്രധായമാണ്‌ ഇവര്‍ മുഖ്യമായി സ്വീകരിച്ചത്.

ആഴ്വാര്‍മാരുടെയും നായനാര്‍മാരുടെയും കാലത്തിനുശേഷം ഭക്തിപ്രസ്ഥാനത്തിനു പ്രാദേശികതയെ വിട്ട് ദേശീയമായ പ്രചാരം ലഭിച്ചുതുടങ്ങി. രാമാനുജാചാര്യന്‍ (1037 - 1137) ആരംഭിച്ച 'ശ്രീസമ്പ്രദായം', മധ്വാചാര്യര്‍ (1199 -1303) രൂപം നല്‍കിയ 'പൂര്‍ണ്ണപ്രജ്ഞാദര്‍ശനം', 'ബ്രഹ്മസമ്പ്രദായം' എന്നീ പേരുകളിലറിയപ്പെടുന്ന 'ദ്വൈതമതം' എന്നിവയ്ക്കുപുറമെ ദ്വൈതാദ്വൈതദര്‍ശനത്തിന്‍റെ അഥവാ ഭേദാഭേദദര്‍ശനത്തിന്‍റെ ഉപജ്ഞാതാവായ നിംബാര്‍ക്കര്‍ സ്ഥാപിച്ച 'സനകമതം' (12 -ആം ശതകം), ചൈതന്യന്‍ (1485 -1553) സ്ഥാപിച്ച ' അചിന്ത്യഭേദ ദര്‍ശനം', വല്ലഭാചാര്യര്‍ (1473 -1531) സ്ഥാപിച്ച 'രുദ്രമതം' എന്നിവയാണ് പില്‍ക്കാലഭക്തി പ്രസ്ഥാനങ്ങള്‍.

മഹാരാഷ്ട്രയില്‍ ഭക്തിപ്രസ്ഥാനത്തിനു പ്രചാരമുണ്ടാക്കിക്കൊടുത്തവരില്‍ പ്രഥമഗണനീയന്‍ ജ്ഞാനേശ്വര്‍ (ഭഗവദ്ഗീതയ്ക്ക് 'ജ്ഞാനേശ്വരി' എന്ന വ്യാഖ്യാനം എഴുതിയ ആള്‍ 1271 - 1296) ആണ്. പന്ഥര്‍പൂരിലെ വിോബാ (വിഷ്ണു) ക്ഷേത്രം കേന്ദ്രമാക്കിയാണ് ഭക്തിപ്രസ്ഥാനം വളര്‍ന്നത്. തുടര്‍ന്ന് നാമദേവ് (1270 - 1350), ഏക്നാഥ്‌ (1533 - 1599), തുക്കാറാം (1598 - 1650), രാംദാസ് (1608 - 1681) തുടങ്ങിയവര്‍ ഭക്തിപ്രസ്ഥാന ത്തിന്‍റെ പ്രചാരകരായിരുന്നു.

രാമഭക്തിയിലൂടെയാണ് ഉത്തരേന്ത്യല്‍ ഭക്തിപ്രസ്ഥാനരംഗത്തു വലിയ ചലനങ്ങള്‍ ഉണ്ടാക്കിയത്. രാമാനുജന്‍റെ ശിഷ്യപരമ്പരയില്‍പ്പെട്ട രാമാനന്ദാണ് (1400 -1470) ഇതിനു തുടക്കം കുറിച്ചതെന്നു പറയാം. പിന്നീട് ഹിന്ദു - മുസ്ലീം മതങ്ങളുടെ സാരാംശം ഉള്‍ക്കൊണ്ടുകൊണ്ട് കബീര്‍ദാസ് (1400 - 1518) 'നവ്യപദ്ധതി' ക്ക് (കബീര്‍പന്ഥ്‌) രൂപം നല്‍കി. തുളസീദാസിന്‍റെ കാലത്താണ് (1532 - 1623) ഉത്തരഭാരതത്തില്‍ രാമഭക്തിക്കു വമ്പിച്ച പ്രചാരം ലഭിച്ചത്. അദ്ദേഹത്തിന്‍റെ 'രാമചരിതമാനസം' എന്ന രാമായണകഥാകൃതി ഇന്നും പ്രചാരത്തിലിരിക്കുന്നു.

സൂര്‍ദാസ് (1483 - 1563), മീരാഭായി (1503 -1573) എന്നിവരാണ് കൃഷ്ണഭക്തിക്ക് ഉത്തരഭാരതത്തില്‍ പ്രചാരം നല്‍കിയവരില്‍ പ്രമുഖര്‍. വ്രജഭാഷയില്‍ ഭാഗവതത്തെ അവലംബിച്ച് സൂര്‍ദാസ് രചിച്ച 'സുരസാള്‍' അതിപ്രശസ്തമാണ്. വല്ലഭാചാര്യരുടെ ശിഷ്യനായിരുന്നു ഇദ്ദേഹം.

ബംഗാളില്‍ ഭക്തിപ്രസ്ഥാ നത്തിനു തുടക്കം കുറിച്ചത് ചന്ധീദാസാണ്. ജയദേവകവി ഭക്തിയെയും പ്രേമത്തെയും ഒന്നായിക്കണ്ടുകൊണ്ട് രാധാ - കൃഷ്ണ പ്രേമത്തെ 'ഗീതഗോവിന്ദം' എന്ന കൃതിയിലൂടെ ആവിഷ്കരിച്ചു. ബംഗാളില്‍ കൃഷ്ണഭക്തിക്കു പ്രചാരം നല്‍കിയ മറ്റൊരു കവിയാണ്‌ വിദ്യാപതി. അദ്ദേഹം മൈഥിലിഭാഷയിലും സംസ്കൃതത്തിലും കൃഷ്ണഭക്തിഗാനങ്ങള്‍ രചിച്ചു. കൃഷ്ണചൈതന്യ (1488 -1533) ബംഗാളില്‍ പ്രചരിപ്പിച്ച കൃഷ്ണഭക്തി ഭാരതത്തിന്‍റെ നാനാഭാഗങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മധുരഭക്തിയായിരുന്നു ചൈതന്യമതത്തിന്‍റെ കാതല്‍. ഗോസ്വാമിമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആറു ചൈതന്യശിഷ്യന്‍മാരാണ് മധുരഭക്തിക്ക് പ്രചാരം ഉണ്ടാക്കിക്കൊടുത്തത്.

12 -ആം ശതകത്തിന്‍റെ ആദ്യപാദത്തില്‍ കര്‍ ണാടകത്തില്‍ ജീവിച്ചിരുന്ന ബസവാചാര്യന്‍ സ്ഥാപിച്ച വീരശൈവമതം (ലിംഗായതമതം) ഭക്തിപ്രസ്ഥാനത്തിന്‍റെ ഭാഗമാണ്. പുരന്ദരദാസന്‍, കനക ദാസന്‍, ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍ തുടങ്ങിയ കര്‍ണാടകസംഗീതാചാര്യന്‍മാരും ഭക്തിപ്രസ്ഥാനത്തിന്‍റെ ഭാഗം തന്നെയെന്നു കരുതാം.

കേരളത്തില്‍ ശൈവവൈഷ്ണവ ഭേദം ഭക്തിപ്രസ്ഥാനത്തില്‍ പറയത്തക്കപോലെ ഉണ്ടായിരുന്നില്ല. ചെറുശ്ശേരി, എഴുത്തച്ചന്‍, പൂന്താനം, മേല്‍പ്പത്തൂര്‍ നാരായണഭട്ടതിരി തുടങ്ങിയവരുടെ കാലം ഭക്തിപ്രസ്ഥാനത്തിന്‍റെ പുഷ്കലകാലമായിരുന്നു. ഇവര്‍ വൈഷ്ണവഭക്തിക്കാണ് പ്രാധാന്യം കൊടുത്തിരുന്നതെന്ന് അവരുടെ കൃതികള്‍ വ്യക്തമാക്കുന്നു .

ഭക്തി പ്രസ്ഥാനം ചോദ്യോത്തരങ്ങൾ

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...