ബ്രഹ്മാണ്ഡപുരാണം
ചാക്കിയാന്മാരുടെ ആവശ്യത്തിനുവേണ്ടിയല്ലാതേയും ചില ഗദ്യകൃതികള്‍ ക്രി.പി. പതിന്നാലാംശതകത്തില്‍ ആവിര്‍ഭവിക്കുകയുണ്ടായി. പൗരാണികകഥകളുടെ സങ്ഗ്രഹരൂപത്തിലുള്ളവയാണു് അത്തരത്തിലുള്ള പ്രബന്ധങ്ങള്‍. ആ കൂട്ടത്തില്‍ ബ്രഹ്മാണ്ഡപുരാണം ഗദ്യം അഗ്രിമപദവിയെ അര്‍ഹിക്കുന്നു.
ഗ്രന്ഥകാരനും കാലവും വിഷയവും
പ്രസ്തുത ഗ്രന്ഥത്തിന്റെ ഒരു പ്രതിയില്‍ 648-ആണ്ടു ധനുമാസം 20-ആംനു ഞായറാഴ്ച മകവും പഞ്ചമിയും അന്റ് എഴുതിക്കൂടിയതു് എന്നൊരു കുറിപ്പു് കാണുന്നുണ്ടു്. ഇതു കണ്ണശ്ശപ്പണിക്കര്‍ രചിച്ചതെന്നാണു് ഐതിഹ്യം. നിരണം കവികളില്‍ ആരാണെന്നു ക്ലിപ്തപ്പെടുത്തിപ്പറവാന്‍ പ്രയാസമുണ്ടെങ്കിലും അവരിലൊരാളാണു് പ്രണേതാവു് എന്നൂഹിക്കുന്നതില്‍ വൈഷമ്യമില്ല; ഭാഷാരീതികൊണ്ടു് ഈ കൃതിക്കും ദൂതവാക്യത്തിനും തമ്മില്‍ വളരെ സാജാത്യം കാണുന്നുണ്ടു്. ബ്രഹ്മാണ്ഡപുരാണത്തില്‍ കാര്‍ത്തവീര്യാര്‍ജ്ജുനന്റെ ഭദ്രദീപപ്രതിഷ്ഠയേയും കേരളോദ്ധാരകനായ ശ്രീപരശുരാമന്റെ അപദാനങ്ങളേയും വിവരിക്കുന്നതും തൊണ്ണൂറ്റൊമ്പതു് അധ്യായങ്ങള്‍ അടങ്ങീട്ടുള്ളതുമായ മധ്യമഭാഗമാണു് ഇതിലെ പ്രതിപാദ്യം. തുഞ്ചത്തെഴുത്തച്ഛന്റെ ബ്രഹ്മാണ്ഡപുരാണം കിളിപ്പാട്ടിലെ കഥാവസ്തുവും ഇതുതന്നെയാണല്ലോ. ʻʻശ്രീവേദവ്യാസമഹര്‍ഷി അരുളിച്ചെയ്ത ബ്രഹ്മാണ്ഡപുരാണത്തില്‍ മധ്യമഭാഗത്തെ ഇതാ ഞാന്‍ തമിഴായിക്കൊണ്ടറിയിക്കിന്നേന്‍ˮ എന്നു പ്രസ്തുത കൃതിയിലും
ʻʻബ്രഹ്മാണ്ഡമെണ്‍പത്തയ്യായിരം ഗ്രന്ഥത്തിലതി-
നിര്‍മ്മലമായിട്ടുള്ള മധ്യമഭാഗമിതു
ചൊല്ലിയേന്‍ തൊണ്ണൂറ്റൊന്‍പതദ്ധ്യായമതു കേട്ടാല്‍-
ക്കല്യാണം വരും കൈവല്യത്തേയും സാധിച്ചീടാം.ˮ
എന്നു കിളിപ്പാട്ടിലുമുള്ള പ്രസ്താവനകള്‍ നോക്കുക. എഴുത്തച്ഛന്‍ പല പ്രകാരത്തില്‍ നിരണം കവികളോടു കടപ്പെട്ടിരുന്നു എന്നുള്ളതിനു് ഇതും ഒരു തെളിവാകുന്നു.
ഉദാഹരണങ്ങള്‍
ദൂതവാക്യത്തേക്കാള്‍ ബ്രഹ്മാണ്ഡപുരാണത്തില്‍ സംസ്കൃതപദങ്ങള്‍ക്കു കുറവുണ്ടെന്നുള്ളതു പ്രത്യേകം അവധാരണീയമാകുന്നു. അതുകൊണ്ടു കൈരളീപിപഠിഷുക്കള്‍ക്കു് ഈ കൃതി ഒന്നുകൂടി പ്രയോജനകരമായിരിക്കുന്നു. ഗ്രന്ഥകാരന്റെ ശൈലി എത്രമാത്രം സഹൃദയാനന്ദനമാണെന്നു കാണിക്കുവാന്‍ രണ്ടുദാഹരണങ്ങള്‍ ചുവടേ ചേര്‍ക്കാം.
സപത്നീകനായ ദത്താത്രേയമഹര്‍ഷി: ʻʻകാഷായം കൊണ്ടുടുത്തു് ഇടത്തുകൈയില്‍ ദണ്ഡും പിടിച്ചു, ഗോപികൊണ്ടു ഒറ്റത്തിരുനാമമിട്ടു, കരുങ്കുവളപ്പൂവുകൊണ്ടു ചെവിപ്പൂവിട്ടു, പൊന്നിന്‍ പൂണുനൂലും പൂണ്ട, വലത്തുകൈയില്‍ കപാലം നിറയ ഉണ്ടായിരിക്കിന്റ മദ്യംകൊണ്ടനുഭവിച്ചു് അതിനാല്‍ മദം കിളരുകയാല്‍ ചുവന്നുമറിഞ്ഞുവരിന്റ കണ്ണിണയോടും കൂട ത്രൈലോക്യസുന്ദരിയായിരിപ്പിതൊരു സ്ത്രീയാല്‍ തഴവപ്പട്ടു. അവള്‍ എങ്ങനെ ഇരുന്നാളെങ്കില്‍ ഉരുണ്ടു നീണ്ടു് അഗ്രം ചുരുണ്ടു് ഇരിക്കിന്റ തലമുടിയില്‍ നിന്റു് അഴിഞ്ഞുപൊഴിഞ്ഞു വീഴിന്റ കുസുമങ്ങളെ ഉടയളായ് അഷ്ടമിചന്ദ്രനെക്കണക്കേ ഇരിക്കിന്റ നെറ്റിത്തടത്തെ ഉടയളായ്, കുങ്കുമംകൊണ്ടു നെറ്റിയില്‍ കുറിയിട്ടു കാമന്‍ വില്‍ക്കൊടി കണക്കെഞെറിഞ്ഞ പുരികക്കൊടി ഉടയളായ്, ചെന്താമരപ്പൂവിനുടെ അന്തര്‍ദ്ദളം കണക്കേ ചെവ്വരി ചിതറി ചെവിയോളം നീണ്ടു് അഴകിയവായിരുന്ന കണ്ണിണകളെ ഉടയളായ്, മാണിക്കം കൊണ്ടു കടൈന്ത കുണ്ഡലങ്ങളാല്‍ ശോഭിക്കിന്റ കര്‍ണ്ണങ്ങളെ ഉടയളായ്, ഉന്നതമായിരുന്ന നാസിക ഉടയളായ്, കണ്ണാടി കടഞ്ഞ കപോലങ്ങളിരണ്ടും, പവഴം കണക്കേയും തൊണ്ടിപ്പഴം കണക്കേയും ഇരുന്ന അധരോഷ്ഠമുടയളായ്, പുഞ്ചിരിക്കൊരാധാരമായ് പൂര്‍ണ്ണചന്ദ്രനെക്കണക്കേ കാന്തികൊണ്ടഴിച്ചു പത്രം കണക്കേ പ്രസന്നമായിരുന്ന മുഖപത്മത്തെ ഉടയവള്‍, കടഞ്ഞ ശംഖുപോലെയിരുന്നിതു കണ്ഠനാളം. അനേകം രത്നംകൊണ്ടു് ഇടയിടെ കോര്‍ക്കപ്പെട്ടിരിക്കിന്റ കണ്ഠാഭരണങ്ങളെ ഉടയവള്‍: അനേകം മാണിക്കങ്ങളെ തറച്ചു തോള്‍വള ഉടയവള്‍; കടകങ്ങള്‍കൊണ്ടലങ്കരിച്ചു കളഭങ്ങള്‍ കൊഴച്ച് അഴകിയവായിരുന്ന കയ്യിണകളെ ഉടയവള്‍; കസ്തൂരി കര്‍പ്പൂരമെന്റിവറ്റിനുടെ സുഗന്ധങ്ങളെ ഉടയവള്‍; കുങ്കുമക്കുഴമ്പു കൊണ്ടു മാര്‍വത്തു തേച്ചു പൊന്നിന്‍കുടം കണക്കേ അഴകിയ വായിരുന്നു പരസ്പരം അഴകുപട്ടിരുന്ന മുലയിണകളെ ഉടയവള്; ഒരു മുട്ടികൊണ്ടു പിടിച്ചാല്‍ അതിലടക്കപ്പെടും നടുവാകിന്‍റതു്. അരയാലിലപോലെ ഉദരം; ത്രിവലികളും രോമരാജികളും കണ്ടാല്‍ മനോഹരം... നാനാവര്‍ണ്ണത്തോടുംകൂടി ഇരിക്കിന്റ തിരുവുടയാടകൊണ്ടു ചാര്‍ത്തി അനേകം രത്നങ്ങള്‍ ഒന്റിനോടൊന്‍റു തട്ടി ഒച്ച പുറപ്പെടുന്റ ഉടഞാണിനെ ഉടയവള്‍; ആനത്തുമ്പിക്കൈ കണക്കേ ഉരുണ്ടു് അഴകിയ തുടയിണകളേ ഉടയവള്‍; മനോഹാരികള്‍ ജാനുക്കള്‍ ഇരണ്ടും; ഉരുണ്ടു് അഴകിയ കണക്കാലുടയവള്‍; രത്നങ്ങള്‍കൊണ്ടു് ഇളകിവരിന്റ ചിലമ്പിണകളെ ഉടയവള്‍; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിന്റ വിരല്‍കളെ ഉടയവാള്‍; പത്മകോമളങ്ങളായ് ചുവന്നു് അഴകിയവായിരിക്കിന്റ ഉള്ളങ്കാലോടുകൂടി മഹര്‍ഷിയെ ആശ്ലേഷിച്ചു പകുത്തു മധുപാനം ചെയ്യിന്റ സ്ത്രീയോടും കൂടി മഹര്‍ഷിയെ കാണായിതു.ˮരേണുകയും ശ്രീപരശുരാമനും: പിതാവു് അരുളിച്ചെയ്യക്കേട്ട് ഇരാമനെഴുനിന്റു നമസ്കരിച്ചാന്‍:– ʻʻപിതാവേ! എനക്കു നിന്തിരുവടി വരം തന്നരുളുക. എന്നുടെ മാതാവ് ഉറങ്ങി ഉണര്‍ന്നപോലെ പുണ്ണിനോടു വേറുപെട്ടു നോവുമിളച്ചു ഞാന്‍ കൊന്റതുമറിയാതെ എഴുനില്പോളാക. ഇന്നുമൊരുവരം തന്നരുളുക, എന്നുടെ ജ്യേഷ്ഠഭ്രാതാക്കള്‍ നാല്വരും നിന്തിരുവടിയുടെ തിരുവുള്ളക്കേടുകൊണ്ടു ചണ്ഡാലരായവര്‍കള്‍ ശുദ്ധരായ്മുന്നേക്കണക്കേ വിദ്യയോടുംകൂടി ഗുരുഭക്തിയോടുംകൂടി വരുവോരാകˮ... രാമനുമപ്പൊഴുതു മാതാവിനെക്കണഅടു ഭൂതലത്തില്‍ വീണ്ണു നമസ്കരിച്ചു. ʻʻനിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തന്‍. സ്ത്രീയാകയുമുണ്ടു്; പതിവ്രതയാകയുമുണ്ടു്; ഇവ ഓരൊന്റെ നിരൂപിച്ചാല്‍ കൊല്‍വാന്‍ യോഗ്യമില്ല. എപ്പൊഴുതും വന്ദിപ്പാനും പൂജിപ്പാനും യോഗ്യമേ ഉള്ളിതു. അങ്ങനെ ഇരിക്കിന്റെടത്തു് അവയൊന്റും നോക്കാതെ നിന്തിരുവടിയെ വെട്ടിക്കൊന്റൊരുത്തന്‍ ഞാന്‍; എന്നെ കാണുന്‍റവര്‍ക്കു മഹാപാതകദോഷമുണ്ടു്. കണ്ടവര്‍ കണ്ടവര്‍ ʻകഷ്ടേ!ʼ എന്റുചൊല്ലി കണ്ണുമടച്ചു വഴിതിരിഞ്ഞു പോവര്‍; അങ്ങനെ മഹാപാപിയായിരിക്കിന്റ എന്നെ എങ്ങേനും പോയ് കെടുവതിനായ്കൊണ്ടു് അനുജ്ഞ തനരുളുകˮ എന്റു മുറയിടുന്റ രാമനെ തഴുവി, കൈമേലിട്ടുപിടിച്ചു് എടുത്തു മടിയില്‍ വൈച്ചുകൊണ്ടു ചൊന്നാള്‍ രേണുക. ʻʻപുത്രാ, നിന്നെക്കണക്കേ ഇരിപ്പൊരു പുരുഷരില്ല ത്രൈലോക്യത്തില്‍; എങ്ങനെ എങ്കില്‍ നിന്റെ പിതാവിനേയും എന്നേയും ഭ്രാതാക്കള്‍ നാല്വരേയും ഭൃഗുവംശത്തേയുംകൂടെ രക്ഷിച്ചൊരുത്തന്‍ നീ. എങ്ങനെ എന്റു നിനയ്ക്കില്‍ എന്നുടെ ദോഷമറിഞ്ഞു പരിഹരിക്കയെന്റു പിതാവു ചൊന്നതു കേളാഞ്ഞുതാകില്‍, ഞാന്‍ മനോദുഷ്ടയായ് ഭര്‍ത്താവിന്റെ കോപംകൊണ്ടു വെന്തുമരിച്ചു നരകത്തില്‍ വീണ്ണുപോയേനേയും. നീയതിനെ പരിഹരിക്കയാല്‍ ഭര്‍ത്താവിനോടും ബന്ധുവര്‍ഗ്ഗത്തിനോടും കൂടി സുഖിച്ചിരിക്കിന്റേന്‍. ആകയാല്‍ മാതാവിനെ രക്ഷിച്ചൊരുത്തന്‍ നീ. പിതാവു ചൊന്നതു കേളാഞ്ഞുതാകില്‍ ഗുരുവചനം കടക്കയാല്‍ ഗുരുകോപംകൊണ്ടു ചണ്ഡാലത്വം വന്നു മരിച്ചു നരകത്തില്‍ വീണ്ണു മുടിഞ്ഞോയേയും. ആകയാല്‍ നിന്നെയും നീ രക്ഷിച്ചാ. അത്തനയുമല്ല ഗുരുകോപംകൊണ്ടു ചണ്ഡാലരായ് മൗഢ്യംകൊണ്ടു പാപങ്ങളെ ചെയ്തു നരകത്തില്‍ വീഴുന്റ ഭ്രാതാക്കളേയും ശുദ്ധരാക്കിക്കൊണ്ടു രക്ഷിച്ചാ. നിന്നുടെ പിതാവു കോപമാകിന്റ മഹാദോഷംകൊണ്ടു് എന്നെ കൊന്റും പുത്രരെ ശപിച്ചും സന്താനം കെടുത്തുള്ള മഹാപാപം കൊണ്ടു നരകത്തില്‍ വീഴുവാന്‍ തുടങ്ങിന്റ പിതാവിനേയും നീ രക്ഷിച്ചാ. ഈവണ്ണം രക്ഷിച്ചൊരുത്തന്‍ നീയുമെന്റാല്‍ നിനക്കു വേണ്ടുവോളംനാള്‍ സുഖിച്ചു ജീവിച്ചിരിപ്പോയാക. അസ്ത്രശസ്ത്രങ്ങള്‍ വീര്യശൗര്യാദി ഗുണങ്ങളുള്ളരില്‍ പ്രധാനനായിട്ടും ഇരിക്ക നീ.ˮ എന്റു ചൊല്ലി തഴുവി സംഭാവിച്ചാല്‍ മാതാവു്.
No comments:
Post a Comment