ദൂതവാക്യം
ആട്ടപ്രകാര ഗ്രന്ഥങ്ങള്‍ക്കുപുറമേ സ്വല്പകാലംകൂടി കഴിഞ്ഞപ്പോള്‍ കൂടിയാട്ടത്തിനു ഉപയോഗിക്കുന്ന രൂപങ്ങള്‍ക്കു ഗദ്യത്തില്‍ ആദ്യന്തം വിസ്തൃതമായ രീതിയില്‍ ഭാഷാനുവാദങ്ങളും വിരചിതങ്ങളായി. ആ ഇനത്തില്‍പ്പെട്ടതാണു ദൂതവാക്യം. മറ്റു ചില രൂപങ്ങള്‍ക്കും വിദ്വാന്മാര്‍ വിവര്‍ത്തനം എഴുതിയിരിക്കണം. അവ ഇക്കാലത്തു അലഭ്യങ്ങളായിത്തീര്‍ന്നിരിക്കുന്നു.
കാലം
ചാക്കിയാന്മാര്‍ക്കു അഭിനയിക്കുവാനുള്ള രൂപകങ്ങളില്‍ ഒന്നാണല്ലോ ദൂതവാക്യം എന്ന വ്യായോഗം. അതിലെ ഇതിവൃത്തം മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ അന്തര്‍ഭൂതമായ ഭഗവദ്ദൂതുതന്നെയാണു്. അതിന്റെ ഒരുജ്ജ്വലമായ ഗദ്യ വിവര്‍ത്തനമാകുന്നു ദൂതവാക്യം ഭാഷ. പ്രസ്തുത പ്രബന്ധത്തിന്റെ പ്രണേതാവു് ആരെന്നറിവാന്‍ മാര്‍ഗ്ഗമില്ലെങ്കിലും കൊല്ലം 564-മാണ്ടു ʻമിഥുനഞായിറുപോകിന്റ നാളില്‍ പരുവക്കല്‍ ഗൃഹത്തില്‍ ഇരുന്ന ചെറിയനാട്ടു് ഉണ്ണിരാമന്‍ʼ പകര്‍ത്തിയ അതിന്റെ ഒരു പ്രതി എനിയ്ക്കു കാണുവാന്‍ ഇടവരികയും, അതു ഞാന്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ടു്. എഴുതിയ കാലം കുറിച്ചിട്ടുള്ള ഏടുകളില്‍ എന്റെ അറിവില്‍ പെട്ടിടത്തോളം കേരളത്തില്‍ ഈ താളിയോലഗ്രന്ഥത്തിന്നാണു് പഴക്കം അധികമായി കാണുന്നതു്. ഇതിന്റെ ഒടുവില്‍ സംസ്കൃതത്തില്‍ അഭിജ്ഞനായ ലേഖകന്‍ ʻആദിത്യവര്‍മ്മായ നമഃʼ എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ടു്. ʻആദിത്യവര്‍മ്മʼ എന്നതു് അക്കാലത്തു് നാടു വാണിരുന്ന തിരുവിതാംകൂര്‍ മഹാരാജാവിന്റെ നാമധേയമാണു്. കൊല്ലം 564-മാണ്ടിനു മുമ്പാണു് ഗ്രന്ഥത്തിന്റെ രചനയെന്നുള്ളതിനു് ഇതിലധികം തെളിവു് ആവശ്യമില്ലല്ലോ. ഭാഷാരീതികൊണ്ടും ഇതു ക്രി.പി. പതിന്നാലാം ശതകത്തിലെ ഒരു കൃതിയാണെന്നു് അനുമാനിയ്ക്കുവാന്‍ കഴിയുന്നതാണു്.
ഗ്രന്ഥത്തിന്റെ സ്വരൂപം
ഭാഷാ വിവര്‍ത്തനം എന്നു പറയുമ്പോള്‍ മൂലത്തിലെ ഗദ്യപദ്യങ്ങളുടെ അര്‍ത്ഥം അന്യൂനാനതിരിക്തമായ ഭാഷയില്‍ സംക്രമിപ്പിച്ചിട്ടുള്ള ഒരു കൃതിയാണു് ഇതെന്നു് അനുവാചകന്മാര്‍ തെറ്റിദ്ധരിയക്കരുതു്. മൂലത്തിലെ വാക്യങ്ങളുടേയും ശ്ലോകങ്ങളുടേയും അര്‍ത്ഥം അതേമാതിരിയില്‍ തര്‍ജ്ജമ ചെയ്തിട്ടുള്ള ഭാഗങ്ങള്‍ ഇതില്‍ ദിര്‍ല്ലഭമാണു്. ഗദ്യപദ്യങ്ങളുടെ ഭാഷാനുവാദത്തിനു പുറമേ നടന്മാര്‍ക്കു രങ്ഗപ്രയോഗത്തിന്നു വേണ്ട ഉപദേശങ്ങളുംകൂടി ഗ്രന്ഥകാരന്‍ സന്ദര്‍ഭോചിതമായി നല്കുന്നുണ്ടു്. ഉദാഹരണമായി ഇതിലെ സ്ഥാപനതന്നെ പരിശോധിക്കാം. മൂലത്തില്‍ നാന്ദ്യന്തത്തില്‍ സൂത്രധാരന്‍ പ്രവേശിച്ചു പൂര്‍വ്വരങ്ഗത്തിലെ പ്രധാനാങ്ഗമായ മങ്ഗളശ്ലോകപാഠം ചെയ്തതിന്നുശേഷം ʻʻഏവമാര്യമിശ്രാന്‍ വിജ്ഞാപയാമി. അയേ, കിന്നു ഖലു മയി വിജ്ഞാപനവ്യഗ്രേ ശബ്ദ ഇവ ശ്രൂയതേ? അങ്ഗ, പശ്യാമിˮ എന്ന വാക്യങ്ങള്‍ ചൊല്ലുന്നു. ഭാഷയിലാകട്ടെ ഈ വാക്യങ്ങളുടെ വിവര്‍ത്തനത്തിനുമുമ്പു് ʻʻഎന്റെ പ്രസ്താവംകൊണ്ടു വിസ്തൃതകഥാശേഷ സൂചകുപ്രവീണവാണീവിലാസമുടയനാകിന സൂത്രധാരന്‍.... പാരിപാര്‍ശ്വികന്മാരോടുകൂടി പുറപ്പെട്ടു രങ്ഗത്തിങ്കല്‍ പഞ്ചപദം ചെന്റു രങ്ഗഭൂമിങ്കല്‍ സഭാപതിയോടുകൂടി വസിച്ചരുളുന്റെ പണ്ഡിതമഹാസഭ നോക്കി ആശീര്‍വാദം പണ്ണി തിരിഞ്ഞു നൈപഥ്യശാല നോക്കി ചെല്ലിന്റവന്‍; കൂത്താടുവാനാക്കിയ കൊണ്ടു കുറവുകെടൂ എന്റൊള്ളെടം അറിയിപ്പൂ എന്റു ചൊല്ലി ചെല്ലിന്റവന്‍ˮ എന്നു കഥാവസ്തു്വംശവിജ്ഞാപനത്തിനു മുമ്പു സൂത്രധാരന്‍ അനുഷ്ഠിക്കേണ്ട കര്‍ത്തവ്യത്തെ വിവരിക്കുന്നു. ഇതുപോലെ ഓരോ പാത്രത്തിന്റെയും പ്രവേശത്തില്‍ ആ പാത്രത്തിന്റെ അന്തര്‍ഗ്ഗതവും രങ്ഗപ്രവേശപരിപാടിയും ഗ്രന്ഥകാരന്‍ പ്രപഞ്ചനം ചെയ്തിട്ടുണ്ടു്. മൂലഗ്രന്ഥം അഭിനയിക്കുന്ന ചാക്കിയാന്മാര്‍ക്കു് ആട്ടച്ചടങ്ങു പിഴയ്ക്കാതിരിയ്ക്കുന്നതിനും അതാതുപാത്രങ്ങള്‍ക്കു തന്മയീഭാവബോധം ജനിക്കുന്നതിനും
വേണ്ടി നിര്‍മ്മിതമായ ഒരു ഗ്രന്ഥമാണു് ഇതെന്നു ചുരുക്കത്തില്‍ പറയാം.
മാതൃക
സംസ്കൃതപ്രധാനമാണു് പ്രസ്തുത ഗ്രന്ഥത്തിലെ ശൈലി; വാക്യങ്ങള്‍ക്കു പ്രായേണ ദൈര്‍ഘ്യവും കൂടും. ഭാഷയില്‍ ഒരു നവീനമായ ഗദ്യശൈലിയുടെ ആവിര്‍ഭാവത്തെയാണു് ഇത്തരത്തിലുള്ള ഗ്രന്ഥങ്ങള്‍ സൂചിപ്പിക്കുന്നതു്. രണ്ടുദാഹരണങ്ങള്‍ ഉദ്ധരിക്കാം.
മഹാബലിയും വാമനമൂര്‍ത്തിയും: ʻʻഅനന്തരം മഹാബലി ദുര്‍ന്നിമിത്തഗ്രഹഗൃഹീതനായി പിതാമഹമുഖവിഗളിതമാകിന പരമ്പുരുഷരാക്രമത്തെ നിന്ദിക്കനിമിത്തമായ് കോപിക്കിന്റ ശ്രീപ്രഹ്ലാദനിയോഗത്താല്‍ അശ്വമേധം ദീക്ഷിച്ചു പാത്രികളെ സംഗ്രഹിച്ചു് ഋത്വിക്കുകളെ വരിച്ചുകൊണ്ടു കുതിര പെരുമാറ്റി ചടങ്ങു പിഴയാതെ യാഗഞ്ചെയ്തു മുടിച്ചു പ്രാര്‍ത്ഥിതപ്രദാനപരായണനായി വസിക്കിന്റ കാലത്തു് അദിതിദേവിയുടെ തിരുവുദരാധാരത്തിങ്കല്‍നിന്റു ദിവ്യം വര്‍ഷസഹസ്രം കൂടിജ്ജനിച്ചു ചുവന്നു ചെറുതാകിന തിരുവുടമ്പിനെ ഉടയനായ് ദേവമന്ത്രി ബൃഹസ്പതിയെ ഉപാദ്ധ്യായനായി കല്പിച്ചു് ആയിരം, ശാഖകളോടുകൂടി ഇരിക്കിന്റ സാമവേദത്തില്‍ വാമദേവ്യമാകിന്റെ ശാഖ അളന്നു പാടി മഹാബലിയുടെ യജ്ഞവാടം പ്രാപിച്ച കാലത്തു, മധുരമധുരമാകിന സാമഗാനം കേട്ടു് സന്തോഷിതഹൃദയനാകിന മഹാബലി ശ്രീവടുവാമന മൂര്‍ത്തിയെ നോക്കി ˮനല്‍വരവാവൂതാക; എന്തിനെ ഇച്ഛിക്കിന്റൂ? അഭിപ്രേതമായിരുന്ന വരുത്തെ വരിക്കˮ എന്റിങ്ങനെ മഹാബലപരാക്രമനാകിന മഹാബലി ചൊല്ലിന്റതു കേട്ടു് അരുളിച്ചെയ്തു ശ്രീവടുവാമനമൂര്‍ത്തി: ʻʻഎടോദൈത്യേന്ദ്ര! രാജ്യത്തിങ്കല്‍ ശ്രദ്ധയില്ലാ എനക്കു്; അപ്പടിയേ ധനത്തിലും രത്നങ്ങളിലും സ്ത്രീകളിലും ശ്രദ്ധയില്ലാ. നിനക്കു ധര്‍മ്മസ്ഥിതി ഒണ്ടാകിന്റുതാകില്‍ നിന്നെ പ്രാര്‍ത്ഥിക്കിന്റേന്‍ ഗുര്‍വര്‍ത്ഥമായി യജ്ഞശാല നാട്ടുവാന്‍ എന്നുടെ അടിയാല്‍ മൂവടി പ്രമാണം ഭൂമി തരവേണ്ടുംʼ എന്റു പ്രാര്‍ത്ഥിക്കിന്റ അവസ്ഥയില്‍ ʻʻഎടോ! ബ്രാഹ്മണശ്രേഷ്ഠാ! മൂന്റു പദങ്ങളെക്കൊണ്ടെന്തു നിന്തിരുവടിക്കു പ്രയോജനം? നൂറുതാന്‍ നൂറായിരംതാന്‍ അടിപ്രമാണം ഭൂമി അളന്നുകൊള്‍ക.ˮ എന്റ മഹാബലിയുടെ വചനം കേട്ടു പ്രഹ്ലാദനാകിന്റ അമാത്യന്‍ ചെന്റു ചെറുത്താന്‍.ˮശ്രീകൃഷ്ണന്റെ വിശ്വരൂപം കണ്ട ദുര്യോധനന്‍:– ʻʻവിശ്വരൂപിയാകിന വിഷ്ണുഭഗവാനെ പിടിച്ചുകെട്ടാമെന്റു നിനച്ചു ചെന്റണിയിന്റവന്‍ കാണാതൊഴിഞ്ഞു് ʻഏനെപേടിച്ചു നഷ്ടനായോന്‍, തിരോഭവിച്ചാന്‍ʼ എന്റു ചൊല്ലറ്റരുളിച്ചെയ്തു നില്ക്കിന്റവന്നു് അരികെ കാണായീ അംബുജേക്ഷണന്‍ തിരുവടിയെ. ʻഏനേ, ഇവനല്ലോ കേശവന്‍ എന്റു ചൊല്ലി ചെന്റണയിന്റവന്‍, ʻഏനേ, ആശ്ചര്യമേ കേശവനുടെ ഹ്രസ്വത്വം. അണുരൂപനാകിലും അണഞ്ഞു വര്‍ദ്ധിപ്പൂ. എന്റു കല്പിച്ചു് ആന്ധ്യനിമിത്തമായി അണയിന്റ കാലത്തു് ഉടനേ കാണായീല്ല. ʻഏനേ, കഷ്ടമേ! നഷ്ടനായാന്‍ കേശവന്‍ˮ എന്റരുളിച്ചെയ്തു നിശ്ചേഷ്ടനായ് നില്ക്കിന്റവന്നു് അരികേ കാണായീ അഖിലജനവന്ദ്യന്‍ തിരുവടിയെ. ʻഏനേ ഇവനല്ലോ കേശവന്‍ʼ എന്റരുളിച്ചെയ്തു ബന്ധിപ്പാന്‍ തുടങ്ങിന്റ കാലത്തു ഭൂമിയോടാകാശത്തോടൊക്ക ഉയര്‍ന്നു കാണാകിന്റ, വിഷയേന്ദ്രിയഗോചരമെന്റിയേ മൂരിനിമിര്‍ന്നരുളുന്റ, മധുസൂദനന്‍ തിരുവടിയുടെ തിരുവുടമ്പിനെ കണ്ടു കുതൂഹലചിത്തനായ് ʻഏനേ, ആശ്ചര്യമേ! കേശിസൂദനനാകിന കേശവനുടെ ദീര്‍ഘത്വം നെടുപ്പമിരിക്കിന്റവാറു്;ʼ ഉടനെ തിരോഭവിച്ചരുളുന്റ ത്രിഭുവനേശ്വരന്‍ തിരുവടിയെ കാണാതൊഴിഞ്ഞു ʼഏനേ മറഞ്ഞുതോ, മറഞ്ഞുതോ കേശവന്‍?; എന്റു ചൊല്ലി മറുപാടുനോക്കിന്റവന്‍ ആവിര്‍ഭവിക്കിന്റ അനന്തനുടെ ആകാരത്തെക്കണ്ടു് ʻഇവനോ കേശവന്‍ʼ? എന്റു ചൊല്ലിച്ചുഴന്റു നോക്കിന്റവന്‍ വിശ്വരൂപനാകിയ വിഷ്ണുമൂര്‍ത്തിയെ കണ്ടു വിഷാദചിത്തനായ് ʻമന്ത്രശാലയിങ്കല്‍ ഒരിടമൊഴിയാതെ കേശവന്മാരാകിന്റു. ഇവിടെ ഞാന്‍ എന്തു ചെയ്യുമതു? കണ്ടേനുപായം. എടോ രാജാക്കന്മാരേ, ഒരോരുത്തന്‍ ഓരോ കേശവന്മാരെ പിടിച്ചുകെട്ടുക. എന്തു്? രാജാക്കന്മാര്‍ എല്ലാരും തങ്ങള്‍ തങ്ങളുടെ പാശംകൊണ്ടു തങ്ങളെ തങ്ങളെ പിടിച്ചുകെട്ടി അവരവരേ അവനീതലത്തിങ്കല്‍ വീഴിന്റുതോ? അഴകുതു! എടോ മഹാപ്രഭാവമുടയോയേ, അഴകുതു! ആര്‍ക്കുമൊരുത്തര്‍ക്കു പിടിച്ചുകെട്ടുവാന്‍ അസാദ്ധ്യമായിരിക്കുന്റൂ മായാവൈഭവംകൊണ്ടു് എന്റാല്‍ മദീയകോദണ്ഡോദരവിനിസ്സൃതങ്ങളാകിന വാണഗണങ്ങളാല്‍ പിളര്‍ക്കപ്പെട്ട പുണ്‍വായില്‍നിന്റു സാന്ദ്രതരമായി ചുവക്കപ്പെട്ടിരിക്കിന്റ രുധിരവെള്ളത്താല്‍ ഊട്ടപ്പെട്ടിരിക്കിന്റ സര്‍വ അവയവങ്ങളെ ഉടയനായ് തങ്ങളുടെ ഭവനത്തെ പ്രാപിച്ചിരിക്കിന്റ നിന്നെ അപ്പാണ്ഡുപുത്രന്മാര്‍ ദുഃഖാഭിസന്തപ്തരായി ദീര്‍ഘശ്വാസം പണ്ണി ഇടതറാതെ ഒഴുകിന്റ കണ്ണുനീരാല്‍ മറയ്ക്കപ്പെട്ടിരിക്കിന്റ നയനങ്ങളെ ഉടയരായി കണ്ടു മുടികʼ എന്റരുളിച്ചെയ്തു ധനുര്‍വരത്തെ എടുത്തുകൊണ്ടുപോരുവാന്‍ ധനുശ്ശാല നോക്കിച്ചെല്ലത്തുടങ്ങിനാന്‍ കൗരവേന്ദ്രന്‍ ദുര്യോധനന്‍ തിരുവടി.ˮ
ദൂതവാക്യത്തിലെ ഭാഷാശൈലി
മലയാളഗദ്യസാഹിത്യത്തിന്റെ അതിപ്രാചീനമായ ഒരു മാതൃകയാകുന്നു നാം ദൂതവാക്യത്തില്‍ കാണുന്നതു്. പിന്‍കാലത്തു പ്രചാരലുപ്തങ്ങളായിത്തീര്‍ന്നിട്ടുള്ള പല പദങ്ങളും ശൈലികളും ʻപ്രയോഗങ്ങളും ദൂതവാക്യത്തിലുണ്ടു്. അലങ്ങുക (അലയുക), തറാതെ (തെറ്റാതെ), എഴുനിറ്റു (എഴുന്നേറ്റു), പാടുക (പെടുക), പണ്ണി (ചെയ്തു), ഞാങ്ങള്‍ (ഞങ്ങള്‍), നല്‍വരവു് (സ്വാഗതം), വീണ്ണ (വീണ), ആനത്തലവങ്ങള്‍ (ആനത്തലവന്മാര്‍), അമര്‍ഷ (അമര്‍ഷം), സൂക്ഷ്മിച്ചു (സൂക്ഷിച്ചു), മുതലായവ അത്തരത്തിലുള്ള പദങ്ങളാണു്. ʻപോയ്ക്കെടുʼ തുടങ്ങിയ ശൈലികളും പ്രാക്തനങ്ങള്‍തന്നെ. ʻപുറപ്പടത്തുടങ്ങീതുʼ ʻപ്രവര്‍ത്തിക്കത്തുടങ്ങിʼ ഇത്യാദി പൂര്‍ണ്ണക്രിയകളില്‍ ചേര്‍ന്നുകാണുന്ന നടുവിനയെച്ചത്തിനു പകരം അനന്തരകാലങ്ങളില്‍ പിന്‍വിനയെച്ചം കടന്നുകൂടി, പുറപ്പെടാന്‍ തുടങ്ങി എന്നുംമറ്റുമുള്ള പ്രയോഗങ്ങള്‍ ഉണ്ടായതു ഭാഷാപണ്ഡിതന്മാര്‍ക്കു് അശ്രുതപൂര്‍വമല്ലല്ലോ.
No comments:
Post a Comment