AAARTS ACADEMY

Thursday, 26 October 2017

പയ്യന്നൂർപ്പാട്ട്

പഴക്കം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പഴയ നാടൻപാട്ടാണ് പയ്യന്നൂർപ്പാട്ട്. ഡോ. ഗുണ്ടർട്ട് പയ്യന്നൂർ പ്രദേശങ്ങളിൽ നിന്നു് ഓലയിൽ പകർത്തിയെഴുതിച്ച ഈ പാട്ടിന് പയ്യന്നൂർപ്പാട്ട് എന്ന് പേരു നൽകുകയായിരുന്നു. ജർമ്മനിയിലെട്യൂബിങ്ങൻ സർവ്വകലാശാലാലൈബ്രറിയിൽസൂക്ഷിച്ചിരിക്കുന്ന ഗുണ്ടർട്ട് ശേഖരത്തിൽനിന്ന് ഡോ. സ്കറിയ സക്കറിയ ഈ കൃതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതോടെയാണ് പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള ധാരണ പൂർണ്ണമാകുന്നത്. ഡോ. ഗുണ്ടർട്ട് മദ്രാസ് ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസിൽ പയ്യന്നൂർപ്പാട്ടിന്റെ കഥ വിവരിക്കുകയും 16 വരികൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു .ഗുണ്ടർട്ട് ഉദ്ധരിച്ച 16 വരികളും ചില തിരുത്തലോടെകേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർഎടുത്തുചേർക്കുകയും കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഗുണ്ടർട്ടിന്റെ ശേഖരത്തിലും ഈ കൃതിയുടെ 104 പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ.

കാലം

ശുദ്ധമലയാളത്തിന്റെ ഏറ്റവും പഴയ മാതൃകയായി ഗുണ്ടർട്ട് പയ്യന്നൂർപ്പാട്ടിനെ വിശേഷിപ്പിച്ചു. ഇതിന്റെ കാലം 13-ഓ 14-ഓ ശതകമായിരിക്കാമെന്ന് ഉള്ളൂർ ഊഹിക്കുകയും മറ്റു പണ്ഡിതർ ഉള്ളൂരിനെ പിന്തുടർന്ന് ആ കാലഗണന സ്വീകരിക്കുകയുമായിരുന്നു. എതുക, മോനതുടങ്ങിയ പ്രാ‍സങ്ങൾ അനുഷ്ഠിച്ചിട്ടുള്ള ഈ കാവ്യം ലീലാതിലകത്തിനുമുൻപേയാണെന്നും ഒന്നുരണ്ടക്ഷരങ്ങൾദ്രമിഡസംഘാതാക്ഷരമല്ലാതെ കാണുന്നത് അബദ്ധമായിരിക്കണം എന്നും ഉള്ളൂരിന്റെ പാഠംവെച്ച് ഇളംകുളം കുഞ്ഞൻപിള്ളഅഭിപ്രായപ്പെട്ടു. എന്നാൽ പയ്യന്നൂർപ്പാട്ട് പ്രസിദ്ധീകരിക്കപ്പെട്ടപ്പോൾ വാമൊഴിസാഹിത്യരൂപമായ ഈ കൃതിയുടെ കാലഗണന ക്ലേശകരമാണെന്ന് വ്യക്തമായി. വാമൊഴിസാഹിത്യത്തിന്റെ ഭാഷ കാലികമായ മാറ്റത്തിന് വിധേയമാ‍കുന്നതാണ്. കൃതിയിലെ അവ്യക്തമായ ചരിത്രവസ്തുതകളിൽനിന്ന് 16-ആം നൂറ്റാണ്ടിൽ രൂപപ്പെട്ടതായിരിക്കണം ഇതിന്റെ ചട്ടക്കൂട് എന്ന് എം.ജി.എസ്. നാരായണൻ പറയുന്നു

അഞ്ചടി
എത്ര 'വെഗം സരസ്വതിയാനാ അമെരപതിയും ' ബാഴ്കാ
കാണവന്ന മഹാലൊകെർ കല്‌പെനെയായിപ്പലെരും ബാഴ്‌കാ
'ഗുണമുള്ളരാമെന്ദിരെരും കൊതകർമ്മരും ബാഴ്‌കാ
ബാണതിമ്ലികവരുള്ള 'ബളെർ പട്ടിണം ബാഴികാ
പട്ടിണത്തു കൊട്ട വാഴ്‌കാ പട്ടിണനകെരം പബാഴ്‌കാ
യിഷ്‌ടമാം ബളയെ നാടും രമെശ്വരവും ബാഴ്‌കാ
ബട്ടമായുള്ള പള്ളി പരിശിനൊടഞ്ചും ബാഴ്‌കാ
നഗെരങ്കൾ തൊറുമുള്ള നാരിമാർ പലെരും ബാഴ്‌കാ
മികവുള കന്നിമാർക്കുമിതിലെ ജയമുണ്ടാകാ
ജഗത്തിൻങ്കെൽ വന്നുതൊന്നും ജയമിനക്കുണ്ടായി നിൽക്കും
ഗുരിക്കെൾക്കു ഗുരുദെക്ഷണ വെച്ചു ഗുരിക്കെളപ്പൂജിപ്പിക്ക
മാതാപിതാക്കൊൾക്കു ജന്മാരമൊക്ഷമുണ്ടായിരിക്കാ
ഒരൂരിൽ കുത്തുകെട്ടിയാൽ എഴുരിൽ പിണി ഒഴിക
നാടുകളിച്ചു നകെരംന്നന്തി വടകര ഭാഗ്യമുണ്ടായിരിക്കാ.

അത്തിയെല്ലാധാരമാക്കി അകംഞ്ചുടർ രണ്ടതാകി
ഉത്തമെനാചാര്യെനാലെ ഒരുമിച്ചു കടെഞ്ഞെടുത്തു
പുത്തിയുള്ളവർകളൈാത്തു പുതുമണമെൽ ബെച്ചുനൊ
പത്തിയിൽ പൊരുതാൾ ചുതു പഴെനൂർ വാകയെന്നെ.

പഴെനൂർത്തെരുവെഴിന്നും പങ്ങിയുള്ളരെശെൻ ബാഴ്കാ
എഴിലുള്ള നെല്ലും പൊന്നും എളിയവര് നെറി പരപ്പും
തഴത്തു നിൻ മൈലുള്ള താലി ഞാൻ ഉടക്കപ്പറ്റെൻ
പഴെനൂർ വന്നുനിന്ന വാണിയെൻ ചൂതിൽക്കൊണ്ടാൻ

മന്നവനെറും കുതിരകളും 'മൂവടിയൊടിന വാരണവും
കന്നികളെറും തെരൊടും 'കുരുവികെൾന്നൂപ്പത്തു രണ്ടുമതാ
മുന്നെൽ നടക്കും ചെകവരും മന്തിരി മൂവരുമൊത്തുകൂടി
എന്നുമെനിക്കെ ജയമാക എഴിലാർ കച്ചിൽ പട്ടിമെ

കച്ചിൽ'പഷ്‌ണം നകരമെന്റെ തലവാണിയെൻ മൈയിൽ കൂഷണമെന്റെ
നിച്ചെൽ'പൂശും ഞ്ചന്നനമെന്റെ നിന്നൊരു ചങ്ങെനും കെട്ടുമതെന്റെ
ഉച്ചിലണിയും പുഷ്പമതെന്റെ ഉയിർത്തുപിടിക്കും കുടയുമതെന്റെ
പച്ചപ്പകിഴത്തഴയുമതെന്റെ പരിചിൽച്ചതിരങ്കം തൊറ്റുവാണിയെനും

ശ്രീ ഗണപതയെ നമഃ അവിഘ്‌ന മസ്‌തുഃ

1

അന്തിക്കൂത്താടുമരർമകനും
അനാമുകവെൻ ഗണപാതീയും
ബന്തരുൾ ചൈക തെളിന്തിതമാ
വാണി തുണക്കെന്നിലാതരവാൽ
ചിന്തതെളിന്തിരവിൽത്തുയിലും
ശ്രീകൃഷ്‌ണെനുമമ്പുലൊഴിന്തീട
വെചതമൊമൊടെ കവി ചൊൽവതിനായി
ചങ്കെരെനും ബരമമ്ബാരുളെ

2

ശങ്കരനാണൻ നന്മുഖനും
ചന്ദീരാശുരിയെരിയെന്ദീരെരും
മങ്കമലർപ്പെൺമ്മലമകെളും
മൺമകൾ വടമകൾപൂമകളും
കെംകെയുറുവെശി മെനകെയും
ക്ഷെത്തീരാവാലെനുമയ്യെനുമെ
മങ്കെയെന്നാവിൽ സരസ്വതിയും
മറ്റുള്ളാ ദെവാകെൾ പലെരും ബന്തെ

3

ബന്തെൻ മനങ്കുടികൊണ്ടെങ്ങനെ
വാഴികാ പൊലിര'നീഴൽക്കാഭയം
ചിന്തതെളിന്തരുൾ ചെയികെന്നിലെ
ചിക്കെനെയുത്തമെർ ഭക്‌തരുമെ
യമന്തിരവാസികെൾ മാറൈയൊർ
മാരെനുമയിച്ചനും മാര്യനും
മുന്തിവരുംപിഴ തീർത്തരുളുകെ
മൂവുലൊകിൽ പുകഴുന്നിഴലെ

4

ഇന്നിഴലാവതു ദൈവകളെ
യിതിൽ പ്രാധാനാവും ഇന്തിരെനെ
നന്നിഴലിൽ കവിമാലകളൊം
ന്നാന്മറെയൊകെൾ നീതിക്കും ബണ്ണം
വന്നിഴലിൽ കവി ചൊല്ലരെുതെ
വാനാതാമാപാതീയൊന്നാധിവെൻ
ഇന്നിഴലാനവർ കെക്കും ബണ്ണം
യെടുത്തൊൽ മുൻ കാവി ചൊല്ലുവെനെ

5

അഞ്ചാ പാവെനെനെയറിവെന
ന്നാരുമില്ലെയാടിയെനു തുണക്കൊ
അഞ്ചാറെ വിവഹഞ്ചൈതിട്ടാരും
പെറ്റില്ലാൺ കരുവൊന്നും
യെൻഞ്ചൈവെനെ(നെ)നിയെന്നു നിനച്ചി
ട്ടെങ്ങെനും പാരാദെശം നടപ്പെൻ
വെൺഞ്ചെരും പെരുർനഗരീ(യി)ടെ
പിച്ചക്കെന്നെഴുനീറ്റു നടന്നാൾ

6

പിച്ചക്കെന്നെഴുനീറ്റു നടന്നവൾ
കച്ചിൽ പട്ടിണം ബാഴ്‌വൊനെല്ലൊ
അച്ചൊനിൻ പൂറമാട്ടിവെയെല്ലാം മാർ
കൽപിച്ചിതു മച്ചിനെനെതാൻ
പച്ചപ്പാൽകൊണ്ടു കാൽകഴികീട്ടു
പള്ളിക്കട്ടിൽ കിടക്കനിമർത്തു
ളച്ചക്കുൺതിരുന്തതു കണ്ടാ
ലൊപ്പിപ്പാണിയിമ്മലനാട്ടിൽ

7

നാട്ടിനുംനകരെത്തിനും മികവെൻ
നമ്പൊന്നിനി പലവെറ്റിനും മികവെൻ
കെട്ടാ(പുപ)മിതെന്തികിലൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ജന്മാത്തിൽപ്പിഴചെയ്തില്ലെയൊതാൻ
ന്നാട്ടാർ വീട്ടിലിരെന്നു നടപ്പാൻ
ഝന്മത്തിൽപ്പിഴ ചെയിതിലൊ
നമ്പൂനകൊരുകൊനൊരു ചെട്ടി
ആട്ടാരൊ അറിയാത്തവൻ കണ്ടാൽ
അയ്യൊ നീ ചൈതാ വന്തീതെന്തെ.

8

വന്തിതെന്തെൻ പാവമറുപ്പാൻ
തന്താതായി മാമെന്നുടൽപ്പിറന്നൊർ
ഇന്തിരരൂപമതാകിയിരിന്തരെൻ
യെൻ വീതിപൂത്തിരെർ മൊക്ഷമില്ലാഞ്ഞു
യെന്തൊരു പാപമിതച്ചൊ വിധിയോ
യെഴുവെകും പൊഞ്ചരെടുഴുമണെച്ചെൻ
തന്തുതില്ലാരുമെനക്കൊരു മക്കെള
താതു പൊവെനെനീയെന്നിങ്ങു പൊന്നെൻ

9

തതു പൂവതും തല കുരപ്പതും
തവെശീയാവെതും മൊഴിക നീയെ
മാതു മുന്നമെ കൈപ്പിടിയത്ത
വെണ്ടും കാരൂണെയും കൊണ്ടുവാ
ബെതാ മാതെരാൾ കൊൾകിൽലൊ
പെരൂരയ്യെൻ പെരികൊയിലിൽ
മാതുകുത്തു നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ നെർന്നാടി വൈക്കിലോ
മൈന്തനെപ്പെറ്റാൾ മനമങ്കാതാൻ

10

മന്നെൻമ്മിണ്ടു പൊയി മങ്കതന്നെയും
കൊണ്ടുചെന്നുപ്പെരുരയ്യെൻ പൊരിങ്കൊയിലിൽ
പൊന്നിൻമാളിക കീഴിരുന്നു
പൊൽകുത്തുനെർന്നന്നു രാവുരാവു
താൻ മുന്നുറക്കുറങ്ങുംന്നെരമെ
പൊയിപ്പെരൂരെയ്യെനും ബന്തുളവായാൻ
അന്നെനീമ്മകെനായുവർത്തെനൊ
ശ്രീയുവർത്തെനോ ചൊല്ലെന്നാൽ

പയ്യന്നൂർ പാട്ടിനെക്കുറിച്ച് ഉള്ളൂർ

പയ്യന്നൂര്‍പാട്ടു എന്നൊരു കൃതിയെപ്പറ്റി ഡോക്ടര്‍ ഗുണ്ടര്‍ട്ടു ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ടു്. ആ ഗ്രന്ഥത്തിന്റെ യാതൊരു പ്രതിയും മറ്റുള്ളവര്‍ക്കു കിട്ടീട്ടില്ല; ഗുണ്ടര്‍ട്ടിനു തന്നെയും ആദ്യത്തെ നൂറ്റിനാലു് ഈരടികളേ ലഭിച്ചിരുന്നുള്ളു. ഗുണ്ടര്‍ട്ടിന്റെ കൈവശമുണ്ടായിരുന്ന ഏട്ടിന്റെ പോക്കിനെപ്പറ്റിയും യാതൊരറിവുമില്ല. തമിഴിലെ നീലകേശി എന്ന കാവ്യത്തിനും ഇതിനും തമ്മില്‍ യാതൊരു സംബന്ധവുമില്ല.

വിഷയം

സുന്ദരിമാര്‍ക്കു കേള്‍വിപ്പെട്ട ശിവപേരൂരില്‍ (തൃശൂരില്‍) ഒരു മാന്യകുടുംബത്തില്‍ ജനിച്ച നീലകേശി എന്ന സ്ത്രീ അപുത്രയായിരുന്നതിനാല്‍ ഭിക്ഷുകിയായി തീര്‍ത്ഥാടനം ചെയ്യുവാന്‍ തീര്‍ച്ചപ്പെടുത്തി. അങ്ങനെ സഞ്ചരിക്കവേ ഒരിക്കല്‍ ഉത്തരകേരളത്തില്‍ ഏഴിമലയ്ക്കു സമീപമുള്ള കച്ചില്‍പട്ടണത്തു ചെന്നുചേരുകയും അവിടത്തെ പ്രധാന വണിക്കായ നമ്പുചെട്ടി (ചോമ്പുചെട്ടിയെന്നും പറയും) അവളെ ചില വ്രതങ്ങളും മറ്റും അനുഷ്ഠിപ്പിച്ചു തന്റെ പത്നിയായി സ്വീകരിക്കുകയും ചെയ്തു. അവര്‍ക്കു നമ്പുശാരിഅരന്‍ എന്നൊരു പുത്രന്‍ ജനിച്ചു. ആ സംഭവത്തിന്റെ ആഘോഷരൂപമായി നാല്പത്തൊന്നാം ദിവസം പയ്യന്നൂര്‍ മൈതാനത്തുവെച്ചു നമ്പുചെട്ടി ഒരു സദ്യ നടത്തി. ആ സമയത്തു നീലകേശിയുടെ സഹോദന്മാര്‍ അവിടെ കപ്പല്‍ വഴിക്കു ചെന്നുചേര്‍ന്നു. അവര്‍ ഒരു ക്ഷേത്രത്തിന്റെ മതിലില്‍ കയറിനിന്നുകൊണ്ടു മൈതാനത്തില്‍ നടന്ന ആഘോഷം കണ്ടുകൊണ്ടിരിക്കവേ ചിലര്‍ അവരെ തടസ്സപ്പെടുത്തി. തങ്ങള്‍ കൂലവാണികന്മാര്‍ (ധാന്യവിക്രയികള്‍) ആണെന്നും നാട്ടുനടപ്പറിഞ്ഞുകൂടാതെയാണു് അങ്ങനെ ചെയ്തതെന്നും നമ്പുചെട്ടിയോടു സമാധാനം പറഞ്ഞു. ചെട്ടിയാകട്ടെ അവരില്‍ ഒരു സഹോദരന്റെ തലയില്‍ പടികൊണ്ടടിക്കുകയും തദനന്തരമുണ്ടായ ലഹളയില്‍ എല്ലാ സഹോദരന്മാരും കാലഗതിയെ പ്രാപിക്കുകയും ചെയ്തു. ആ ദാരുണമായ വൃത്താന്തം കേട്ട നീലകേശി ഭര്‍ത്താവിനേയും പുത്രനേയും ഉപേക്ഷിച്ചു വീണ്ടും ഭിക്ഷുകിയായി സഞ്ചരിച്ചു. പുത്രനെ പിതാവു യഥാകാലം കച്ചവടവും കല്‍പ്പണിയും പഠിപ്പിച്ചു. നമ്പുശാരിഅരന്‍ സ്വന്തമായി ഒരു കപ്പല്‍ പണിയിച്ചു് അതു കച്ചില്‍പട്ടണത്തുനിന്നു കച്ചവടത്തിനായി കടലിലിറക്കി. പാണ്ഡ്യര്‍, ജോനകര്‍, ചേഴിയര്‍ മുതലായവരും ഒരു യവനനും (ഗ്രീക്കുകാരന്‍) അതില്‍ വേലക്കാരായി ഉണ്ടായിരുന്നു. അവര്‍ ഏഴിമല ചുറ്റി പൂമ്പട്ടണത്തേക്കുചെന്നു് അവിടെനിന്നു മാലദ്വീപുകള്‍, താമ്രവര്‍ണ്ണീനദി, പൂവന്‍കാപ്പട്ടണം, കാവേരിനദി ഇവ കടന്നു മറ്റൊരു സമുദ്രത്തില്‍ സഞ്ചരിച്ചു പൊന്മല എന്ന സ്ഥലത്തെത്തി തങ്ങളുടെ സാമാനങ്ങള്‍ വിറ്റഴിച്ചു സ്വര്‍ണ്ണവുമായി തിരിയെ കച്ചില്‍ പട്ടണത്തെത്തി. സാംയാത്രികന്മാര്‍ യോഗ്യതാനുസാരം സമ്മാനങ്ങള്‍ വാങ്ങി. ഒരവസരത്തില്‍ അച്ഛനും മകനുംകൂടി ചതുരങ്ഗം വച്ചുകൊണ്ടിരിക്കവേ ഒരു ഭിക്ഷുകി വന്നു തനിക്കു ഭിക്ഷകിട്ടിയാല്‍ പോരെന്നും യുവാവായ വര്‍ത്തകനെ കാണണമെന്നും നിര്‍ബന്ധിച്ചു. പിന്നീടു് ആ സ്ത്രീയും അരനും തമ്മില്‍ ദീര്‍ഘവും രഹസ്യവുമായ ഒരു സംഭാഷണം നടന്നു. ഒടുവില്‍ അന്നുരാത്രി പയ്യന്നൂരില്‍ സ്ത്രീകള്‍ ഒരു സദ്യ നടത്തുന്നുണ്ടെന്നും ആ അവസരത്തില്‍ അരന്‍ അവിടെ സന്നിഹിതനാകണമെന്നും അവര്‍ അപേക്ഷിച്ചു പിരിഞ്ഞു. അച്ഛന്‍ അതിലെന്തോ കൃത്രിമമുണ്ടെന്നു ശങ്കിച്ചു മകനോടു പോകരുതെന്നു് ഉപദേശിച്ചു എങ്കിലും മകന്‍ വാഗ്ദാനം ചെയ്തു കഴിഞ്ഞിരുന്നതിനാല്‍ പോകുമെന്നു ശഠിച്ചു.

ʻʻനില്ലാതെ വീണ നമസ്കരിച്ചാന്‍;–
നിന്നാണെ തമ്മപ്പാ പോകുന്നേന്ˮ

അപ്പോള്‍ അച്ഛന്‍ പറയുന്നു:-

ʻʻപോകാന്‍ വിലക്കിനേനെത്തിരയും;
പൊക്കൊഴിപ്പാനരുതാഞ്ഞൂതിപ്പോള്‍.
ചാവാളരെപ്പോല്‍ നീയകലെപ്പോവൂ;
ചങ്ങാതം വേണം പേരികെയിപ്പോള്‍.
കോവാതലച്ചെട്ടിയഞ്ചുവണ്ണം
കൂടും മണിക്കിരാമത്താര്‍ മക്കള്‍
നമ്മളാല്‍ നാലു നകരത്തിലും
നാലരെക്കൊള്‍ക കടിക്കു ചേര്‍ന്നോര്‍.ˮ
നാലര്‍ കുടിക്കു ചേര്‍ന്നൊരെക്കൊണ്ടാര്‍
നാട്ടിലെപ്പട്ടിണസ്വാമിമക്കള്‍;
തോഴര്‍ പതിനാലു വന്‍കിരിയം
തോല്പിപ്പാനില്ലായീ നാട്ടിലാരും.
കാലേപ്പിടിച്ചങ്ങിഴയ്ക്കിലും ഞാന്‍
കച്ചില്‍പ്പട്ടില്‍ വന്നെന്നിക്കണ്ണുറങ്ങേന്‍.ˮ

അപ്പോള്‍ അച്ഛന്‍ കപ്പലില്‍ വില്പനയ്ക്കു കുറേ സാമാനങ്ങള്‍കൂടി കൊണ്ടുപോകുവാന്‍ ആജ്ഞാപിച്ചു. അതിനു മേലുള്ള കഥാവസ്തു എന്തെന്നറിയുവാന്‍ നിവൃത്തിയില്ലാതെയാണിരിക്കുന്നതു്.

പയ്യന്നൂര്‍ പാട്ടിന്റെ പ്രാധാന്യം

ഈ പാട്ടിന്റെ കാലം ക്രി.പി. പതിമ്മൂന്നോ പതിന്നാലോ ശതകമായിരിക്കാമെന്നു തോന്നുന്നു. വടക്കന്‍പാട്ടുകളില്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്നതാണു് ഇതിലെ വൃത്തമെന്നു പറയേണ്ടതില്ലല്ലോ. ഗുണ്ടര്‍ട്ടു് ഉദ്ധരിച്ചിട്ടുള്ള വരികള്‍ മുഴുവന്‍ ഞാനും പകര്‍ത്തീട്ടുണ്ടു്; ചില തെറ്റുകള്‍ തിരുത്തുവാനും ശ്രമിച്ചിട്ടുണ്ടു്. അന്നു് ഉത്തരകേരളത്തിലും കൊടുങ്ങല്ലൂരിലെന്നപോലെ അഞ്ചു വണ്ണവും മണിഗ്രാമവുമുണ്ടായിരുന്നു എന്നും, കച്ചില്‍പട്ടണത്തില്‍ ധാരാളമായി കപ്പല്‍പ്പണിയും കപ്പല്‍ക്കച്ചവടവും നടന്നുകൊണ്ടിരുന്നു എന്നും, പാണ്ഡ്യര്‍, ചോളര്‍, ജോനകര്‍ ഇവര്‍ക്കു പുറമേ അപൂര്‍വം ചില ഗ്രീക്കുകാരും അവിടെ മാലുമികളായി താമസിച്ചിരുന്നു എന്നും മറ്റുമുള്ള വസ്തുതകള്‍ നാം ഈ ഗ്രന്ഥത്തില്‍നിന്നറിയുന്നു. കപ്പല്‍പ്പണിയേയും കപ്പല്‍ച്ചരക്കുകളേയുംപറ്റി വിശദമായ വിവരങ്ങള്‍ ഇതിലുണ്ടെന്നും ആ ഭാഗങ്ങളില്‍ പ്രയോഗിച്ചിരുന്ന പ്രചാരലുപ്തങ്ങളായ പല ശബ്ദങ്ങളുടേയും അര്‍ത്ഥം ഇപ്പോള്‍ അറിവാന്‍ നിര്‍വാഹമില്ലെന്നും ഗുണ്ടര്‍ട്ടു പ്രസ്താവിക്കുന്നു. പുരാതനകാലത്തെ കേരളീയവാണിജ്യത്തെപ്പറ്റി പല പുതിയ അറിവുകളും നമുക്കു തരുവാന്‍ പര്യാപ്തമായ പ്രസ്തുതഗ്രന്ഥം നഷ്ടപ്രായമായിത്തീര്‍ന്നിരിക്കുന്നതു് ഏറ്റവും ശോചനീയമാകുന്നു.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...