ഭാഗവതം
കണ്ണശ്ശഭാഗവതവും ഒരു മഹാപ്രബന്ധമാണു്. ദശമസ്കന്ധത്തിലെ ഓരോ അദ്ധ്യായവും കവി പ്രത്യേകമായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. മൂലത്തിലെ തൊണ്ണൂറദ്ധ്യായങ്ങള്‍ക്കു പകരം ഭാഷയില്‍ ശ്രുതിഗീതാദ്ധ്യായം വിട്ടും ഏകാദശസ്കന്ധസംക്ഷേപത്തിനു രണ്ടദ്ധ്യായങ്ങള്‍ വിനിയോഗിച്ചും ഭാഷയില്‍ തൊണ്ണൂറ്റൊന്നധ്യായങ്ങളാക്കിയാണു് ആ കൃതി രചിച്ചിട്ടുള്ളതു്. രാമായണത്തിലെന്നപോലെ മനോഹരമായ ഒരു ഭഗവല്‍സ്തുതി ഈ ഗ്രന്ഥത്തിന്റേയും ഒടുവിലുണ്ടു്. ʻʻശ്രീകൃഷ്ണമഹാകഥ നിതരാം സംക്ഷേപിപ്പാനായേˮ എന്നു് ആരംഭത്തില്‍ കവി തന്റെ ഉദ്ദേശം വെളിവാക്കുന്നുണ്ടെങ്കിലും ആ കഥ അത്ര വളരെയൊന്നും സംക്ഷേപിച്ചിട്ടില്ല. ʻʻഉല്ലാസത്തൊടു വിനതാതനയനുയര്‍ന്നു പറന്നാകാശേ മറ്റൊരു പൊല്ലാമക്ഷിക തന്നാലാവതു പൊങ്ങുവതിന്നാരേ മുനിയുന്നോര്‍?ˮ എന്നു രാമായണത്തില്‍ ചോദിക്കുന്ന കവി ʻʻആദരവോടൊരു ബാലകനിതമായാകാശേ മരുവീടിയ ചന്ദ്രനെ നീതിയിനോടു പിടിപ്പതിനായേ നിതരാം ക്ലേശിക്കുന്നതുപോലെˮയാണു് തന്റെ ഉദ്യമമെന്നു ഭാഗവതത്തിലും ʻʻവാനിലെഴും നിറമാമതിതന്നെ മകിഴ്‌ന്തൊരു ബാലകനിങ്ങുപിടിപ്പാന്‍ താനൊരു കൈ നീട്ടിന്റതിനോടു സമാനമിതു്ˮ എന്നു് ആ ആശയത്തെത്തന്നെ ഭങ്ഗ്യന്തരേണ പരാവര്‍ത്തനം ചെയ്തു ഭാരതത്തിലും പ്രകടീകരിച്ചു തന്റെ ശാലീനതയെ ഗ്രന്ഥംതോറും വെളിപ്പെടുത്തുന്നു. ശബ്ദനിഷ്കര്‍ഷ താരതമ്യേന വളരെ കുറവുള്ള ഒരു ഗ്രന്ഥമാണു് ഭാഗവതം; രാമായണത്തിന്റെ ഗുണം അതിനില്ല; അതു പണിക്കര്‍ എപ്പോള്‍ രചിച്ചു എന്നു പറവാന്‍ നിര്‍വാഹമില്ല. ഒന്നുരണ്ടു് ഉദാഹരണങ്ങള്‍ ചേര്‍ക്കുന്നു.
(1)ʻʻനാരായണനിടിയൊലിപോലുള്ളൊരു
നാദത്തോടിതു ചൊല്ലിയ വചനം
നേരേ കേട്ടെരിയും കോപത്തൊടു
നിതരാം പ്രേരിച്ചാനതു കാലം;
താരാര്‍മകള്‍മണവാളനെ നോക്കി-
ത്തരസാ കാലാന്തകയമനോടെതിര്‍
നേരാകിയ ഗജവരനതുനേരം
നേരേ ചെന്നു പിടിച്ചാനല്ലോ.ˮ
(2) പ്രഭാതത്തില്‍ ഗോപസ്ത്രീകള്‍:-
ʻʻപാടക കങ്കണ മണിചേര്‍ന്നീടിന
പാണികളാലേ രജ്വാകര്‍ഷണ-
മാടിന കണ്ഡലകുന്തളകുങ്കമ-
മതിനാല്‍ മണ്ഡിതമാം മുഖകമലം
കൂടതു നേരത്തിളകിന മുലകള്‍
ഗുരുത്വമിയന്റീടും കടിതടമൊടു
കൂടിന ഗോപാങ്ഗനമാരേറ്റം
കരുകുലതിലകാ! ശോഭിതരായാര്‍.ˮ
No comments:
Post a Comment