AAARTS ACADEMY

Monday, 30 October 2017

ശിവരാത്രി മാഹാത്മ്യം

ശിവരാത്രി മാഹാത്മ്യം

എല്ലാ കൃതികളും വിഷ്ണുപരമായിരിക്കേണ്ട എന്നു വിചാരിച്ചാണു് തൃക്കപാലീശ്വരത്തിലേ ശിവന്റെ ഭക്തനും കൂടിയായ രാമപ്പണിക്കര്‍ പ്രസ്തുത പ്രബന്ധം രചിച്ചതു് എന്നു തോന്നും. ആകെ നൂറ്റമ്പതു ശീലുകള്‍ ഈ ʻഭാഷാസംക്ഷേപʼത്തിലുണ്ടു്. സുകുമാരന്‍ എന്ന ബ്രാഹ്മണന്‍ അനവധി പാപങ്ങള്‍ ചെയ്തു ഒരു ചണ്ഡാലിയുമായി വളരെക്കാലം രമിക്കുകയും അതിനിടയില്‍ ഒരു ശിവരാത്രി തന്റെ പ്രിയതമയ്ക്കുവേണ്ടി പുഷ്പാന്വേഷണത്തിനു പോയപ്പോള്‍ ശിവനെ മറ്റുള്ളവരുടെ കൂട്ടത്തില്‍ ദൂരെനിന്നു് ആകസ്മികമായി തൊഴുകയും ചെയ്തു. അയാള്‍ക്കു മരണാനന്തരം ശിവലോകം പ്രാപിക്കുവാന്‍ സങ്ഗതി വന്നതാണു് വിഷയം. വിസ്മയനീയമായ ചാതുര്യത്തോടുകൂടി കവി ഈ കഥ പ്രതിപാദിച്ചിരിക്കുന്നു. രചന കൊണ്ടു മിക്കവാറും കണ്ണശ്ശരാമായണത്തോടു കിടനില്ക്കുന്ന ഒരു കൃതിതന്നെയാണു് ശിവരാത്രിമാഹാത്മ്യം. രണ്ടു ശീലുകള്‍ ഉദ്ധരിക്കാം.

(1) ശിവദൂതന്മാര്‍:
ʻʻകന്തശരാസനബാണനിശാത-
കുഠാരായുധരായ് നിര്‍മ്മലരായേ
സുന്ദരരായഥ ബാഹുചതുഷ്ടയ-
ശോഭിതരായതിമുഷ്കരരായേ
ചന്തമമര്‍ന്ന ജടാഭാരത്തൊടു
ചര്‍മ്മാംബരരായ് ഭസ്മാകൃതിയൊടു-
മിന്ദുകലാപമണിഞ്ഞഖിലാങ്ഗവു-
മീശ്വരദൂതരിതത്തൊടു നിന്നാര്‍.ˮ

(2) ശിവഗണേശ്വരന്മാര്‍:
ʻʻആയതബാഹുചതുഷ്ടയശോഭിത-
രായതിനിര്‍മ്മല ഭസ്മോദ്ധൂളിത-
കായരുമായേ ചര്‍മ്മാംബരരായ്-
ക്കാലാന്തകസമവിക്രമരായേ,
മായയെ നീക്കും ബ്രഹ്മശിരാവലി-
മാലാധരരായ് ദുഷ്കരരായേ
തൂയഗണേശ്വരരെക്കണ്ടകമേ
സുഖമായിതു വൈവസ്വതനവിടേ.ˮ

ʻഭാഷാമിശ്രമിതെന്റികഴാതേʼ തന്റെ കൃതി പരായണം ചെയ്യുന്നവര്‍ ശങ്കരലോകം പ്രാപിക്കുമെന്നും കവി ഒടുവില്‍ ഫലശ്രുതിരൂപത്തില്‍ പ്രസ്താവിക്കുന്നു. അത്തരത്തിലുള്ള കൃതികളുടെ നേര്‍ക്കു് അന്നത്തേ സംസ്കൃതപക്ഷപാതികള്‍ നെറ്റി ചുളിച്ചിരുന്നു എന്നു് ഊഹിക്കുവാന്‍ ഈ പ്രസ്താവന വഴിനല്കുന്നു.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...