ഭാരതം
മഹാഭാരതകഥ സാമാന്യേന വിസ്തരിച്ചു പ്രതിപാദിക്കുന്ന ഒരു ദീര്‍ഘമായ പ്രബന്ധമാണു കണ്ണശ്ശഭാരതം. ഭാരതമാലയിലെന്നപോലെ ആദ്യമായി ഒരു ദശമസ്കന്ധ സംക്ഷേപം ഇതിലുമുണ്ടു്. പിന്നീടു മുറയ്ക്കു പൗലോമം മുതല്ക്കുള്ള കഥ പ്രപഞ്ചനം ചെയ്യുന്നു. രാമപ്പണിക്കര്‍ ഈ ഗ്രന്ഥം അവസാനിപ്പിച്ചുവോ എന്നു സംശയമാണു്. ദ്രോണപര്‍വത്തിനുമേലുള്ള ഭാഗങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല.
ʻʻവല്ലവവാലകനാകിയ കൃഷ്ണന്‍
വസുധാഭാരം തീര്‍ത്തപ്രകാരം
ചൊല്ലുകിലാമതിനൊടു ചേര്‍ന്നോ ചില
ശുഭകഥകളുമിടര്‍ കളവാനായേ.ˮ
എന്ന വരികളില്‍ ആദ്യം തന്നെ തന്റെ അഭിസന്ധി കൃഷ്ണകഥാനുകീര്‍ത്തനമാണെന്നും അതിനു് ഒരു സൗകര്യം ഭാരതം നല്കുന്നതുകൊണ്ടാണു് അതിനെ താന്‍ ഭാഷപ്പെടുത്തുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ടു്. കവിതയ്ക്കു പ്രായേണ ശിവരാത്രിമാഹാത്മ്യത്തിന്റെ ഗുണമുണ്ടു്. ഒരു ശീല്‍ ചുവടേ ചേര്‍ക്കാം.
ʻʻകോമളപുഷ്പലതാപരിവേഷ്ടിത-
കോടരവൃക്ഷമനോഹരനൈമിശ-
മാമടവിയില്‍ മുനി ശൗനകനീരാ-
റാണ്ടൊരു യാഗം ചെയ്വതുകാലം
തീമയിലാനുഗ്രശ്രവസാഖ്യന്‍
ധീരന്‍ സൂതസുതന്‍ പൗരാണിക-
നാമിനി മുനികളെയടിതൊഴുവാനെ-
ന്റാശ്രമമതിലേ ചെന്റാനൊരുനാള്‍.ˮ
ആങ്ഗലേയസാഹിത്യത്തില്‍ ʻസ്പെന്‍സര്‍ʼ എന്ന കവിസാര്‍വഭൗമന്റെ സ്ഥാനമാണു് കേരളസാഹിത്യത്തില്‍ രാമപ്പണിക്കര്‍ക്കു നല്കേണ്ടതു്.
No comments:
Post a Comment