ഗുരുഗീത
ഇതു നിരണം കവികളില്‍ ഒരാളുടെ കൃതിയാണെന്നു വിചാരിക്കുവാന്‍ യാതൊരു മാര്‍ഗ്ഗവുമില്ല. ഭാഷയ്ക്കു് അത്രവളരെ പഴക്കമില്ല; കവിത തീരെ പൊട്ടയാണു്; വൃത്തത്തിന്റെ കഥയും ഒരുമാതിരി പരുങ്ങല്‍ തന്നെ. എതുകമോനകളും അന്താദിപ്രാസവുമില്ല. ചില ആശയങ്ങളില്ലെന്നില്ലെങ്കിലും അപശബ്ദങ്ങള്‍ സുലഭങ്ങളാണു്. ഗുരുവിന്റെ മാഹാത്മ്യത്തെ ശ്രീപരമേശ്വരന്‍ പാര്‍വതീദേവിയോടു പറഞ്ഞുകേള്‍പ്പിക്കുന്നതാണു് കഥാവസ്തു. ആകെ 72 ശീലുകളുണ്ടു്. ഒരു ശീലുദ്ധരിക്കാം.
ʻʻകൈലയിലമരും ഭക്താനുഗ്രഹ-
തല്‍പരനാകിയ ശ്രീശങ്കരനെ
ഭക്തിയോടേ വന്ദിച്ചഥ പാര്‍വ്വതി-
ദേവിയുമൊരുനാള്‍ ഗുരുതത്വവിശേഷം
കേള്‍പ്പാനിച്ഛിച്ചവനൊടു ചോദ്യം
ചെയ്കയിലേറ്റം പരമാനന്ദം
പൂണ്ടതിനുടെ വിവരം കേള്‍ക്കെ(ന്ന)-
ന്നരുളിച്ചെയ്തു പറഞ്ഞുതുടങ്ങിˮ
ഒടുവില്‍ മലയിന്‍കീഴ് കൃഷ്ണനെ വന്ദിച്ചിട്ടുണ്ടു്. അതുകൊണ്ടു കണ്ണശ്ശന്റെ കുടുംബത്തില്‍ ജനിച്ച പശ്ചാല്‍കാലികനായ ഒരു കവിയാണു് അദ്ദേഹം എന്നു മാത്രം സങ്കല്പിക്കാം. ആകെക്കൂടി നോക്കുമ്പോള്‍ ഈ ക്ഷുദ്രകവിതയ്ക്കു ഭാഷാസാഹിത്യവേദിയില്‍ പ്രവേശമനുവദിക്കുവാന്‍ നിവൃത്തിയില്ലാതെയിരിക്കുന്നു.
സീതാസ്വയംവരം അമ്മാനപ്പാട്ടു്
രാമായണത്തെ വിഷയീകരിച്ചു് ഒരു ചെറിയ അമ്മാനപ്പാട്ടുണ്ടു്. കവിമുദ്രയില്ലെങ്കിലും ഭാഷാരീതികൊണ്ടും കണ്ണശ്ശരാമായണഗ്രന്ഥത്തിന്റെ ഒടുവില്‍ ചേര്‍ത്തുകാണുന്നതുകൊണ്ടും അതു രാമപ്പണിക്കരുടെ കൃതിയാണെന്നു് ഊഹിക്കാം. കേരളത്തില്‍ പല ജാതിക്കാരുടെ ഇടയിലും ഏതാനും കൊല്ലം മുമ്പുവരെ പ്രചുരപ്രചാരമായിരുന്ന ഒരു വിനോദകലയാണു് അമ്മാനാട്ടം; അതിനു് ഉപയോഗപ്പെടത്തക്കവിധത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഗാനങ്ങളാണു് അമ്മാനപ്പാട്ടുകള്‍. തലയില്‍ നിറകിണ്ടി വച്ചു് അതില്‍നിന്നു താളത്തിനു വെള്ളത്തുള്ളികള്‍ വീഴുമാറു് അമ്മാനമാടുവാന്‍ വശമുള്ള ʻഈഴവാത്തിʼ സ്ത്രീകള്‍ അടുത്തകാലംവരെയുണ്ടായിരുന്നു എന്നും കിണ്ടിയിലെ വെള്ളത്തുള്ളികള്‍ നിലത്തും ആടുന്ന കായ്കള്‍ കൈകളിലും വീഴത്തക്കവണ്ണം അവര്‍ ആ കലയില്‍ അത്യത്ഭുതമായ ʻസാധകംʼ സമ്പാദിച്ചിരുന്നു എന്നും അഭിജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. ദക്ഷിണകേരളത്തിലേയും മദ്ധ്യകേരളത്തിലേയും അമ്മാനപ്പാട്ടുകള്‍ക്കു വൃത്തസംബന്ധമായും മറ്റും വ്യത്യാസമുണ്ടു്. സീതാസ്വയംവരത്തില്‍ ആകെ പത്തൊന്‍പതു ശീലുകളേയുള്ളു. അന്താദിപ്രാസത്തിനുപകരം കവി പ്രസ്തുതകൃതിയില്‍ അകാരാദിക്രമമാണു് സ്വീകരിച്ചിരിക്കുന്നതു്. ആദ്യത്തെ ശീല്‍ അടിയിലുദ്ധരിക്കുന്നു.
ʻʻഅച്യുതന്‍ കരുണാകരന്‍ തരുണാരുണാംബുജലോചനന്‍
അഖിലജനമനകമലനിരുപമനിലയനരി പുരുഷോത്തമന്‍,
പച്ചമാന്‍ നാരായണന്‍ പാലാഴിയില്‍ത്തുയില്‍കൊണ്ടവന്‍,
പരമഗുരുമുരവൈരിമധുരിപു സകലഗുണപരിപാവനന്‍,
ഇച്ചയായതിനിര്‍മ്മലന്‍ പീതാംബരന്‍ ദൈത്യാന്തകന്‍,
ഇനിയ രവികുലമഹിതദശരഥനൃപതിതനയനതായവന്‍,
ഇഷ്ടമായ് മുനിപുങ്ഗവന്‍ നൃപനോടിരന്നതുമൂലമാ-
യിതമൊടനുജനൊടുഴറി നടന്നിതെന്നാടുകമ്മാനേ.ˮ
തൃക്കപാലീശ്വരസ്തോത്രം
നിരണത്തു കൃഷ്ണപ്പണിക്കരുടെ തൃക്കപാലീശ്വരസ്തോത്രം എന്നൊരു കൃതിയുണ്ടു്. ആകെ പതിനെട്ടു പാട്ടുകളാണു് അതിലടങ്ങിയിരിക്കുന്നതു്. ʻʻനിരണകപാലീശ്വരമമരും ഗിരിതനയാരമണ തൊഴുന്നേന്‍ˮ എന്നാണു് എല്ലാ പാട്ടുകളും അവസാനിക്കുന്നതു്. ഒരു പാട്ടു ചുവടേ ചേര്‍ക്കുന്നു.
ʻʻകങ്കുമകളഭങ്ങളതണിയും മങ്കയില്‍മണിയാകിയ പാര്‍വ്വതി
വഞ്ചനചെയ്തഞ്ചിക്കൊഞ്ചിക്കൊങ്കയില്‍ വച്ചമ്പൊടു പുണരും
പങ്കജമലരമ്പനെ വെന്നൊരു ശങ്കരനുടനെങ്കല്‍ വിളങ്ങുന്ന
നിരണകപാലീശ്വര...ˮ
കവിതയ്ക്കു ഭഗവദ്ഗീതയേയും രാമായണത്തേയും മറ്റുംപോലെയുള്ള പഴക്കം തോന്നുന്നില്ല; അവയുടെ അടുത്തെങ്ങും ആസ്വാദ്യതാവിഷയത്തില്‍ സമീപിക്കുവാനുള്ള യോഗ്യതയും കാണുന്നില്ല. ʻകണ്ണശ്ശʼന്റെ തറവാട്ടില്‍ പിന്‍കാലത്തു ജനിച്ച ഒരു കവിയായിരിക്കാം ഈ കൃഷ്ണപ്പണിക്കര്‍.
ശ്രീവല്ലഭകീര്‍ത്തനം
നിരണംകവികളില്‍ ഏതോ ഒരാളുടെ കൃതിയാണു് അഞ്ചു ശീലുകള്‍മാത്രം അടങ്ങീട്ടുള്ള ശ്രീവല്ലഭകീര്‍ത്തനം. മലയിന്‍കീഴ് മഹാവിഷ്ണുവിനെയാണു് ഈ കൃതിയില്‍ വന്ദിച്ചിരിക്കുന്നതെങ്കിലും ʻനമശ്ശിവായʼ എന്ന ശൈവമന്ത്രത്തിലേ അഞ്ചക്ഷരങ്ങള്‍കൊണ്ടാണു് ഇതിലേ ശീലുകള്‍ യഥാക്രമം ആരംഭിക്കുന്നതു്. ഇതിനു കാരണം തിരുവല്ലയിലെത്തേവരായി മലയിന്‍കീഴില്‍ പ്രതിഷ്ഠിതനായ വിഷ്ണുവിനെയാണു് കവി സ്തുതിക്കുന്നതെങ്കിലും, അദ്ദേഹ
ത്തിന്റെ ജന്മഭൂമിയായ നിരണത്തു തൃക്കപാലീശ്വരത്തു ക്ഷേത്രത്തിലെ ശ്രീപരമേശ്വരനെക്കൂടി ഘടിപ്പിക്കണമെന്നു് അദ്ദേഹത്തിനുള്ള താല്‍പര്യമാണെന്നുള്ളതു സ്പഷ്ടമാകുന്നു. രണ്ടു ശീലുകള്‍ മാത്രം ചുവടേ കുറിക്കുന്നു.
ʻʻനല്ലോരരവണമേലാഴിയില്‍
മെല്ലെത്തുയിലാകിയ മാധവ-
നല്ലോ നരജാതികളിടതീര്‍-
ത്തുല്ലാസം രക്ഷിച്ചരുളും
ചൊല്ലാര്‍ന്നന മലയിന്‍കീഴ്‌ത്തിരു-
വല്ലഭനേ! നിന്‍പദപങ്കജൃ
മെല്ലാനാളും തൊഴുതേന്‍ ശ്രീ-
മാധവ പാഹി കൊഴുന്നേന്‍.
മണ്ണെയളന്നീരടിയാക്കിയ
കണ്ണാ കരുണാകര മരതക-
വണ്ണാ നിര്‍പദമിരുപൊഴുതും
വിണ്ണോര്‍ തൊഴുതീടുമവര്‍ക്കും
എണ്ണിയ വന്‍വിന തീര്‍ത്തീടും
വെണ്ണകള്‍ കളവാണ്ടുണ്ടവനേ കേള്‍
എന്നേയും രക്ഷിക്കനുദിനവും
ശ്രീമാധവ പാഹി തൊഴുന്നേന്‍.ˮ
ശ്രീരാമസ്തോത്രം
ഇതും അത്യന്തം ഹൃദ്യമായ ഒരു കൃതിയാകുന്നു. രാമായണകഥ മുഴുവന്‍ പ്രതിപാദിച്ചിട്ടുണ്ടു്. കവിത അക്കാലത്തേതുതന്നെ. അഞ്ചു ശീലുകളേ ഉള്ളൂ. മാതൃക താഴെക്കാണിക്കുന്നു.
(1) ʻʻമുതിര്‍ന്നലതന്നിലമര്‍ന്നണ്ണലേ ജയ;
മുകിലൊളിനിറമുടയമൃതേ ജയ ജയ;
കതിരവര്‍കുലമമര്‍ന്നമലാ ജയ ജയ;
കനവിയ ദശരഥതനായാ ജയ ജയ;
ഇതവിയ മുനി തുണ നടന്നാ ജയ ജയ;
ഇടര്‍ചെയ്യുമവളുയിര്‍ കളഞ്ഞാ ജയ ജയ
അതിശയമസുരര്‍മെയ്പിളര്‍ന്നാ ജയ ജയ
അരുമറയവരിടയമര്‍ന്നാ ജയ ജയ.ˮ
(2) ʻʻവകവക മുനികള്‍ മെയ്തൊഴുതാ ജയ ജയ;
വന്ന നിശിചരി മുലയരിഞ്ഞാ ജയ ജയ;
പുകഴൊടു കരനുയിര്‍ കളഞ്ഞാ ജയ ജയ;
പുനരൊരു മൃഗമെയ്തു തിരിഞ്ഞാ ജയ ജയ;
അലര്‍മകള്‍ പിരിഞ്ഞഴിഞ്ഞഴുതാ ജയ ജയ;
അതിനൊരു കവി തുണനടന്നാ ജയ ജയ;
തിചയറികവനെന്റിതുരച്ചാ ജയ ജയ;
തിചയറിഞ്ഞവരൊടു നടന്നാ ജയ ജയ.ˮ
തിരുക്കണ്ണിയാലണ്ണല്‍സ്തുതി
ഇതു് ഒരു ശിവസ്തോത്രമാണു്. ʻതിരുക്കണ്ണിയാല്‍ʼ എവിടമെന്നറിയുന്നില്ല. അതില്‍നിന്നു് ഒരു ശീല്‍ ഉദ്ധരിക്കുന്നു.
ʻʻഞാലമീരേഴുമുണ്ടായര്‍കോനു മുകം
നാലുളോനും പിന്നെപ്പന്റിയും പുള്ളുമായ്;
മൂലവും മേല്‍മുടിന്തേടവും തേടിനാര്‍
മൂവരായ്‌നിന്റു കണ്ടീലല്ലോ പിന്നെയും;
വേലയാലാലമുണ്ടയ്യനേ! നല്‍പ്പൊന്നേ!
വേലതന്‍ കൂട്ടുടന്‍ കൂടിനിന്നാടുവാന്‍
കാലകാലാ പിരാനേ! കൊതിക്കുന്നുതെന്‍
കാലു രണ്ടും തിരുക്കണ്ണിയാലണ്ണലേ!ˮ
പാശുപതാസ്ത്രലാഭം പാട്ടു്
നിരണം കവികളുടെ കാലത്തു വിരചിതമായ മറ്റൊരു കൃതിയാണു് പാശുപതാസ്ത്രലാഭം പാട്ടു്. കവി അവരിലൊരാള്‍തന്നെയോ എന്നറിവില്ല. എന്നാല്‍ ഭാഷാരീതികൊണ്ടും അന്താദിപ്രാസഘടനകൊണ്ടും മറ്റും അതിന്റെ കാലം അനായാസേന നിര്‍ണ്ണയിക്കാവുന്നതാണു്. താഴെക്കാണുന്ന ശിലുകള്‍ നോക്കുക.
ʻʻആനനമാനയുടേ വടിവാനവ
നാതിവിനായകനംബികതനയന്‍
* * *
വാനവര്‍ കൗന്തേയന്‍ വിജയന്നു മ-
ഹേശ്വരനസ്ത്രം നല്കിയതിപ്പോള്‍
ഞാനുരചെയ്യാംവണ്ണമിതിന്നൊരു
ഞാനം തരികയെനിക്കു വിരഞ്ഞേ,
വിരഞ്ഞരുള്‍ചെയ്വിതുവായ്മകള്‍ താനും
ബ്രഹ്മന്‍തിരുവടിയും തിരുമാലും
പരന്ദരനൊടു പുരമെരിചെയ്തരനും
പൂമാതും വാനോരുമനത്തും
പരന്‍ പുരുഷന്‍ മലമങ്കമണാളന്‍
പാണ്ഡൂതനൂജനു പാശുപതാസ്ത്രം
വരം പെറുകെന്റേ നല്കിനതിപ്പോഴ്
വാഴ്ത്തുമതിന്നുടനെങ്ങള്‍ക്കിന്റേ.ˮ
ʻʻഅര്‍ച്ചന ചെയ്യിന്റേടത്തേറ്റമ-
ടുത്തേചെന്റ വിനാകിക്കപ്പോള്‍
അശ്ശിവപൂജവിതാനം കണ്ടി
ട്ടാനന്ദവുമാശ്വരിയവുമായിതു;
അര്‍ച്ചന വിരവില്‍ മുടിച്ച കിരീടിയു-
മഴകൊടു ഗാണ്ഡീവം പൂട്ടേറ്റി
കൈച്ചരടും കവചാദികള്‍ പൂണ്ടിതു
കടുകച്ചെറുഞാണൊലിയും ചെയ്താന്‍
ചെറുഞാണൊലി ചെയ്തതു കേട്ടപ്പോള്‍
ചെറുവേടന്മാരോടിപ്പോയിതു:
അറയാതേ പെരുവേടന്‍ ചെന്റി
ട്ടവനോടണയച്ചെന്റുരചെയ്താന്‍
തിറമേറിന്റമരേന്ദ്രതനൂജാ
ചെന്താമരനയനന്‍ ഗോവിന്ദ-
ന്നുടമപെറും വിജയാ നീയെങ്ങള്‍
ക്കൂടനേ വെന്റിയെ നല്കകയെന്റാന്‍.ˮ
No comments:
Post a Comment