നിരണം കവികള്‍ — കണ്ണശ്ശന്‍ പറമ്പു്
രാമചരിതകാരനാല്‍ ക്ഷുണ്ണമായ പാട്ടെന്ന സാഹിത്യപ്രസ്ഥാനത്തില്‍ സ്വച്ഛന്ദമായി സഞ്ചരിച്ചു വിസ്മയാവഹമായ വിജയം നേടി കൈരളീദേവിയെ അനര്‍ഘങ്ങളായ ആഭരണങ്ങളണിയിച്ചു ധന്യയാക്കിയ മഹാനുഭാവന്മാരാണു് നിരണം കവികള്‍. ഈ പേരില്‍ മൂന്നു കവികളുണ്ടു്. അവരില്‍ ഒന്നാമന്‍ ഭഗവദ്ഗീതാകാരനായ മാധവപ്പണിക്കരും, രണ്ടാമന്‍ ഭാരതമാലാകാരനായ ശങ്കരപ്പണിക്കരും മൂന്നാമന്‍ രാമായണാദി വിവിധപ്രബന്ധ പ്രണേതാവായ രാമപ്പണിക്കരുമാണെന്നു് ഉദ്ദേശിക്കാം. തിരുവല്ലാത്താലൂക്കില്‍ നിരണം എന്ന സ്ഥലത്തു തൃക്കപാലീശ്വരം എന്നൊരു ശിവക്ഷേത്രമുണ്ടു്. ആ സ്ഥലത്തിനും ക്ഷേത്രത്തിനും മുന്‍കാലത്തു് ഇന്നത്തേക്കാള്‍ അധികം പ്രസിദ്ധിയുണ്ടായിരുന്നു. നിരണവും അതിനു ചുറ്റുപാടുമുള്ള പ്രദേശവും കൊടുങ്ങല്ലൂര്‍പോലെ മഹോദയപട്ടണം എന്ന പേരിനാല്‍ അറിയപ്പെട്ടിരുന്നു. തൃക്കപാലീശ്വരംക്ഷേത്രം പെട്ടിക്കയ്മള്‍ എന്ന ഒരു മാടമ്പിയുടെ കണ്ണശ്ശന്‍പറമ്പു് എന്ന പേരില്‍ ഇന്നും അറിയപ്പെടുന്ന ഒരു പറമ്പുണ്ടു്. അവിടെയായിരുന്നു നിരണം കവികളുടെ ജനനം. ʻʻചെമ്പൊടിരുമ്പുമുരുക്കുശരക്കോലന്‍ പത്തീരടി മുന്‍പുവലത്തു്ˮ എന്നൊരു പഴയ പദഖണ്ഡം ഈ പറമ്പിന്റെ സ്ഥാനത്തെ നിര്‍ദ്ദേശിക്കുന്നു എന്നു പഴമക്കാര്‍ പറയാറുള്ളതു ശരിയല്ല. കിഴക്കോട്ടുതിരിഞ്ഞാണു് ക്ഷേത്രത്തിലെ പ്രതിഷ്ഠ. അതിനു പടിഞ്ഞാറുഭാഗത്തു കൊല്ലന്റേയും ആശാരിയുടേയും വീടുകള്‍ ഉണ്ടു്. അവയ്ക്കു ʻമുന്‍വലത്താʼയി ʻഅന്‍പത്തീരടിʼ എന്ന പേരില്‍ ഒരു കളരിയും കാണ്മാനുണ്ടു്. അതുകൊണ്ടു് പ്രസ്തുതപദ്യഖണ്ഡം, കണ്ണശ്ശന്‍പറമ്പിനെയല്ല ʻഅന്‍പത്തീരടിʼ എന്ന കളരിയെയാണു് പരാമര്‍ശിക്കുന്നതെന്നു വേണം ഊഹിക്കുവാന്‍.
ചരിത്രം
നിരണംകവികളുടെ ചരിത്രത്തെപ്പറ്റി എന്തെങ്കിലും ഉപന്യസിക്കുന്നതിനുമുന്‍പായി അവര്‍ തങ്ങളെപ്പറ്റി ചെയ്തിട്ടുള്ള പ്രസ്താവനകള്‍ ഉദ്ധരിക്കേണ്ടതു് ആവശ്യമാകുന്നു. ഭഗവദ്ഗീതയുടെ അവസാനത്തിലുള്ള രണ്ടു ശീലുകളാണു ചുവടെ ചേര്‍ക്കുന്നതു്.
ʻʻഇതു നീ ദിവ്യദൃശാ കാണ്‍കെന്‍റ്റി-
വീടിയ വേദവ്യാസനിയോഗാല്‍
ചതിയേ കണ്ണല്ലാല്‍ക്കണ്ണില്ലാന്‍
താരണിപതിധൃതരാഷ്ട്രനു കേള്‍പ്പാന്‍
മതിമാനാകിയ സഞ്ജയനേവം
മരുവിയുരത്താനിതു മതിയില്ലാ
അതിബാലന്‍ മാധവനാമം ചേ-
രഹമതി സംക്ഷേപിച്ചുരചെയ്തേന്‍.
ഉരചേര്‍ന്നമരാവതിസമമായേ-
യുറ്റന ചെല്വമെഴും മലയിന്‍കീഴ്
തിരുമാതിന്‍ വല്ലഭനരുളാലേ
തെളിവൊടു മാധവനഹമിടര്‍ കളവാന്‍
പരമാദരവൊടു ചൊല്ലിയ ഞാന-
പ്പനുവല്‍ മുകുന്ദപദാംബുജമന്‍പൊടു-
മരനാഴിക മറവാതുരചെയ്തവ-
രത്ഭുതമുക്തിപദം പ്രാപിക്കും.ˮ
താഴെക്കാണുന്ന പാട്ടു ഭാരതമാലയുടെ അവസാനത്തിലുള്ളതാകുന്നു.
ʻʻതണുണര്‍വേ സംസാരച്ഛേദ-
സമസ്തവുമായേ കാലവുമെങ്ങും
ഉന്നി നിറന്തഖിലത്തിനുമൊത്തു
തുരീയാതീതവുമായുണര്‍വായേ
തണുണര്‍വായുണര്‍വേ വടിവാകി മ-
ഹാഭാരതകഥ ശങ്കരനമ്പൊടു
ചൊന്നതുരയ്പവരെയ്തുവരെന്റും
ശോകമൊഴിന്തവനന്ത സുഖത്തെˮ
ഇനി ഉദ്ധരിക്കുവാന്‍ പോകുന്ന ഭാഗങ്ങള്‍ രാമപ്പണിക്കരുടെ കൃതികളില്‍നിന്നാണു്.
ʻʻഅവനിയില്‍ നന്മചേര്‍ നിരണം
തനിക്കൊരു ദീപമായ് വ-
ന്നവതരണംചെയ്താന്‍ കരുണേശ-
നാകിയ ദേശികന്‍ മ-
റ്റവ്വണ്ണം പിറന്നുള്ള പുത്രരാ-
മവര്‍കള്‍ക്കെല്ലാമന്‍-
പമര്‍ മരുകന്‍ കനിന്തൊരു
രാമദാസനതീവ ബാലന്‍,
അവനിയില്‍ മുമ്പു മാമുനി താ-
നിയറ്റിയ ചാരു രാമാ-
യണമതുകണ്ടതീവ ചുരുക്കമാ-
യിവണ്ണം മൊഴിന്താന്‍.
അവനിവനെന്നെല്ലാമില്ല
സല്‍ക്കഥാമുരചെയ്‌വതിന്നി-
ന്നതിസുഖമെയ്തുമങ്ങിതു കേള്‍ക്കില്‍
മറ്റിതു ചൊല്ലിനാലും.ˮ
രാമായണം യുദ്ധകാണ്ഡത്തിന്റെ അവസാനത്തിലുള്ള ഈ പ്രസ്താവനയെ ഉത്തരകാണ്ഡത്തിന്റെ ഉപസംഹാരത്തില്‍ കവിസ്വല്പംകൂടി വിസ്തരിക്കുന്നു.
ʻʻവാനുലകിനു സമമാകിയ നിരണ-
മഹാദേശേ താന്‍ വന്നുളനായാ-
നൂനമിലാത മഹാഗുരുവരനാ-
യുഭയകവീശ്വരനായ മഹാത്മാ,
മാനിതനാകിയ കരുണേശന്‍ പര-
മാത്മാവേ താനെന്നറിവുറ്റേ
ദീനത വാരാതേ മറ്റോരോ
ദേഹികളെപ്പോല്‍ വാണ്ണാന്‍ പല നാള്‍,
ആനവനിരുവര്‍ തനൂജന്മാരുള-
രായാരവരുടെ സോദരിമാരായ്
മാനിനിമാരൊരു മൂവര്‍ പിറന്നാര്‍;
മറ്റതുകാലമവന്‍ തിരുവടിയും
താനുടനേ തന്നുടലൊടു വേറായ്-
ത്തനിയേ പരമാത്മാവേയായാന്‍
ആനവനോടെതിരായ് വിദ്യാധിപ-
രായാര്‍ പുനരവനുടെ തനയന്മാര്‍.
തനയന്മാരാമവിരിരുവര്‍ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
യനുപമരായവര്‍ മൂവരിലിളയവ-
ളാകിയ മാനിനി പെറ്റുളനായാന്‍,
ഇനിയ മഹാദേവാജ്ഞയിനാലേ-
യിതമൊടു പാലകനാകിയ രാമന്‍;
പുനരവനും നിജപാപം കളവാന്‍
പുരുഷോത്തമകഥ ചൊല്ക തുനിഞ്ഞാന്‍.ˮ
ഭാഗവതംപാട്ടിന്റെ ഒടുവില്‍ താഴെക്കാണുന്ന ശീലുകള്‍ കാണുന്നു.
ʻʻദേവകിമകനായേയവതാരം
ദേവകള്‍ വിധിയാലേ ചെയ്തീടിയ
പൂവില്‍ മടന്ത മണാളന്‍ തണുടെ
പുണ്യമതായീടും കഥ ചെമ്മേ
ആവിയിലുളവായീടും ദുരിത-
മറും പടി രാമനുരത്തീടിയ കവി-
യേവരുരത്തീടിന്റവരേവരു-
മെയ്തീടും പരമാമറിവോടേ.ˮ
ചുവടേ പകര്‍ത്തുന്നതു ശിവരാത്രിമാഹാത്മ്യംപാട്ടിന്റെ അവസാനത്തില്‍ നിന്നാണു്.
ʻʻഇതു നിരണത്തു കപാലീശ്വരമാര്‍-
ന്നീടിന പശുപതിതന്നരുളാലേ-
യിതമൊടവന്‍ തിരുവടിയുടെ ചരിത-
മിയമ്പുമതിന്നു ഇനിഞ്ഞിതു മുറ്റും;
ബത! ഗുരുനാഥന്മാരറിവീടിയ
വേദവ്യാസദികളുമെനിക്കി-
ങ്ങതിസുഖമായ് നല്കീടുക വരമി-
ങ്ങണയാ മമ പാതകമിതു ചൊന്നാല്‍.
ആരണരാദിസമസ്തപ്രാണിക-
ളാമവര്‍കള്‍ക്കും പാപം കളവാന്‍
കാരണമാകിയ ശിവരാത്രൗ വ്രത-
കഥയിതു തന്നാലായ പ്രകാരം
സാരതയില്ലാതകുതിയിരാമന്‍
താന്‍ നിരണത്തു കപാലീശ്വരമേ
ചേരുമുമാപതി തന്നരുളാലേ
ചെയ്താനേവം ഭാഷയിനാലേ.ˮ
ഭാരതംപാട്ടില്‍നിന്നാണു് അടിയില്‍ കാണുന്ന ശീല്‍ എടുത്തു ചേര്‍ക്കുന്നതു്.
ʻʻകളവാന്‍ പാപം മുന്നേ രാമ-
കഥാമൊട്ടായപ്രകാരം ചൊന്നേ-
നിളയാതേ ശ്രീകൃഷ്ണകഥാമിനി-
യെളുതായൊരു പടി ചൊല്‍ക നിനൈന്തേന്‍;
എളിയോനകുതിയിവന്‍ പുനരെന്റോര്‍-
ത്തെന്നെയിതിന്നികഴാരറിവുടയോര്‍;
ജളരാമവരപരാധം ചൊന്നാല്‍-
ച്ചേതവുമില്ല നുറുങ്ങു നമുക്കോ.ˮ
മേല്‍ ഉദ്ധരിച്ച പാട്ടുകളില്‍നിന്നു താഴെക്കാണുന്ന വസ്തുതകള്‍ വെളിപ്പെടുന്നു. നിരണമെന്ന ʻമഹാദേശʼത്തില്‍ ഒരു മഹാനുഭാവന്‍ അവതരിച്ചു. കരുണേശന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നാമധേയം. അദ്ദേഹം ഒരു വിശിഷ്ടപണ്ഡിതനും പരമയോഗിയും ʻഉഭയകവീശ്വരʼനും അതായതു സംസ്കൃതത്തിലും ഭാഷയിലും ഒന്നുപോലെ കവനം ചെയ്യുന്നതില്‍ സമര്‍ത്ഥനുമായിരുന്നു. ദീര്‍ഘായുഷ്മാനായ അദ്ദേഹത്തിനു രണ്ടു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു. അവരില്‍ ഒടുവിലത്തെ പുത്രിയുടെ മകനായിരുന്നു രാമപ്പണിക്കര്‍. അദ്ദേഹത്തിന്റെ അമ്മവന്മാര്‍ രണ്ടുപേരും അവരുടെ പിതാവിനെപ്പോലെതന്നെ ʻവിദ്യാധിപʼന്മാരായിരുന്നു. ഇത്രയും വിവരങ്ങള്‍ സ്പഷ്ടമാണു്. മറ്റുചില വിവരങ്ങള്‍ക്കു് ഐതിഹ്യത്തേയും അനുമാനത്തേയും ആശ്രയിക്കേണ്ടിയിരുന്നു. ഒന്നാമതായി ഞാന്‍ ഊഹിക്കുന്നതു് ʻഉഭയകവീശ്വരʼന്റെ പേര്‍ കണ്ണശ്ശന്‍ എന്നായിരുന്നു എന്നാണു്. കണ്ണന്‍ എന്ന പേര്‍ അദ്ദേഹം മഹാഗുരുവരനായപ്പോള്‍ കണ്ണശ്ശനെന്നു രൂപാന്തരപ്പെട്ടു. കണ്ണശ്ശന്‍ സംസ്കൃതീകൃതമായപ്പോള്‍ കരുണേശനായി പരിണമിക്കുകയും ചെയ്തു. ഇവിടെ ഒരു പൂര്‍വ്വപക്ഷമുള്ളതു കരുണേശന്‍ എന്ന പദം മഹാവിഷ്ണുപര്യായമായി കവി പല അവസരങ്ങളിലും പ്രയോഗിച്ചിട്ടുണ്ടെന്നും അതുകൊണ്ടു പ്രകൃതത്തിലും ആ അര്‍ത്ഥം സ്വീകരിക്കുന്നതാണു് സമീചീനമെന്നുമാകുന്നു. കരുണേശപദം ഞാന്‍ മുകളില്‍ ചേര്‍ത്തിട്ടുള്ള രണ്ടു പാട്ടുകളില്‍ കാണുന്നുണ്ടു്. ʻമാനിതനാകിയ കരുണേശന്‍ പരമാത്മാവേ താനെന്നറിവുറ്റേʼ എന്ന വരിയില്‍ ʻകരുണേശʼനെ കഷ്ടിച്ചു ʻപരമാത്മാʼവിന്റെ വിശേഷണമായി കരുതാമെന്നിരിക്കട്ടെ; അതിനുതന്നെയും ʻമാനിതʼപദപ്രയോഗംകൊണ്ടു് അനൗചിത്യം സംഭവിക്കുന്നു എന്നുള്ളതു തല്‍കാലത്തേക്കു വിസ്മരിക്കാം. ʻഅവതരണം ചെയ്താന്‍ കരുണേശനാകിയ ദേശികന്‍ʼ എന്ന വരിയില്‍ മഹാ വിഷ്ണുവായി കരുണേശപദത്തെ എങ്ങനെ ഘടിപ്പിക്കുവാന്‍ കഴിയും? ʻകരുണേശനാകിയʼ എന്നതിനു കരുണേശതുല്യനായ എന്നു് അര്‍ത്ഥയോജന ചെയ്യുന്നതു ശരിയായിരിക്കുമോ? അതു കൊണ്ടു് എന്റെ ഇപ്പോഴത്തെ സ്ഥിരമായ അഭിപ്രായം രാമപ്പണിക്കരുടെ മാതാമഹന്റെ പേര്‍ കണ്ണശ്ശനെന്നായിരുന്നു എന്നു തന്നെയാണു്. എന്നാല്‍ രാമപ്പണിക്കരേയും കണ്ണശ്ശനെന്നു വിളിച്ചിരുന്നു എന്നും പക്ഷേ അനുമാനിക്കാം. അദ്ദേഹത്തിന്റെ രാമായണത്തിനു കണ്ണശ്ശരാമായണമെന്നു പേര്‍വന്നതു് ഇന്നോ ഇന്നലെയോ അല്ല.
ʻʻപരന്‍കഥയൈക്കമ്പര്‍ പന്തീരായിരത്താല്‍
പകര്‍ന്ത കഥൈ കണ്ണശ്ശനില്‍പ്പാതിയാം.ˮ
എന്നതു് ഒരു പഴയ പാട്ടാണു് എന്നു നാം കണ്ടുവല്ലോ. കണ്ണശ്ശപ്പണിക്കര്‍ സാഹിത്യത്തിലെന്നതുപോലെ വിനോദവ്യവഹാരത്തിലും വിദഗ്ദ്ധനായിരുന്നു എന്നൊരൈതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പല നേരമ്പോക്കുകളില്‍ ഒന്നുമാത്രം ഇവിടെ പ്രസ്താവിക്കാം. അദ്ദേഹം സ്വഗൃഹത്തില്‍ ഏതോ ഒരടിയന്തിരത്തിനു് അയല്‍വീടുകളില്‍നിന്നു് ഓരോ ഉരുളി ഇരവലായി വാങ്ങുകയും അവ തിരിയെ ഏല്പിച്ചപ്പോള്‍ ഓരോ കൊച്ചുരുളികൂടി കൊടുക്കുകയും ചെയ്തു. അതിനെപ്പറ്റി ചോദിച്ചവരോടു് അദ്ദേഹത്തിന്റെ സമാധാനം വലിയ ഉരുളികള്‍ കൊച്ചുരുളികളെ പ്രസവിച്ചു എന്നായിരുന്നു. ഉടമസ്ഥന്മാര്‍ രണ്ടുരുളികളും സന്തോഷത്തോടുകൂടി സ്വീകരിച്ചു. മറ്റൊരടിയന്തിരത്തിനു വീണ്ടും ഓരോ ഉരുളി ആവശ്യപ്പെട്ടപ്പോള്‍ ഒട്ടുവളരെപ്പേര്‍ അതു കൊടുക്കുവാന്‍ മുന്നോട്ടുവന്നു. പണിക്കര്‍ ആ ഉരുളികള്‍ ഒന്നും തിരിയെ ഏല്പിച്ചതേയില്ല. കാരണം ചോദിച്ചപ്പോള്‍ അവയെല്ലാം ചത്തുപോയെന്നു പറയുകമാത്രമാണുണ്ടായതു്. പെറ്റുണ്ടാകുന്നതു ചാകുകയും ചെയ്യുമല്ലോ, എന്നായിരുന്നു അദ്ദേഹത്തിന്റെ യുക്തി. ഒടുവില്‍ അമിതമായ ആശകൊണ്ടുണ്ടാകുന്ന ആപത്തു് ആ ദിഗ്വാസികളെ മനസ്സിലാക്കിയതിനുമേല്‍ ഉരുളികളെല്ലാം മടക്കിക്കൊടുക്കുകയും ചെയ്തുവത്രേ. ഇത്തരത്തിലുള്ള അടവുകള്‍ യോഗിവര്യനായ സാക്ഷാല്‍ കണ്ണശ്ശന്‍ കാണിച്ചിരിക്കുമോ എന്നു സംശയമാണു്. അതുകൊണ്ടു് ആ വഴിക്കും രാമപ്പണിക്കര്‍ക്കു കണ്ണശ്ശനെന്നുകൂടി (മാതാമഹന്റെ നാമധേയം) പേരുണ്ടായിരുന്നിരിക്കാമെന്നു് അനുമാനിക്കുന്നതില്‍ വലിയ പ്രമാദത്തിനു വകയുണ്ടെന്നു തോന്നുന്നില്ല. എന്നാല്‍ എന്റെ ഊഹം ആ ഐതിഹ്യത്തിലല്ല അധിഷ്ഠിതമായിരിക്കുന്നതു് എന്നു് ഒന്നുകൂടി പറഞ്ഞുകൊള്ളച്ചെ. ഒരാള്‍ക്കു നാമകരണമുഹൂര്‍ത്തത്തില്‍ ഒരു പേരും അനന്തരം വാത്സല്യദ്യോതകമായി മറ്റൊരു പേരും നല്കുന്നതു് അഭൂതപൂര്‍വമല്ല; രണ്ടിനും തമ്മില്‍ ആര്‍ത്ഥികമായി വല്ല ബന്ധവുമുണ്ടായിരിക്കണമെന്നു് നിയമവുമില്ല. ʻകരുണേശനാകിയ ദേശികന്‍ʼ എന്ന പ്രസ്താവനയില്‍നിന്നു് ഒന്നിലധികം ʻഗുരുനാഥന്മാര്‍ʼ ഉണ്ടായിരുന്നിരിക്കാവുന്ന രാമപ്പണിക്കരുടെ ഒരു ഗുരു ʻʻപലനാള്‍ വാണ്ണˮ തന്റെ മാതാമഹന്‍ തന്നെയാണെന്നും വരാവുന്നതാണു്.
മൂന്നു കവികള്‍ക്കും തമ്മിലുള്ള സംബന്ധം
ഭഗവദ്ഗീതയും ഭാരതമാലയും രാമായണാദികൃതികളും സൂക്ഷ്മ ദൃഷ്ട്യാ വായിക്കുന്ന ഒരാള്‍ക്ക് അവയെല്ലാം ഏകദേശം ഒരേ കാലത്തു വിരചിതങ്ങളായ പ്രബന്ധങ്ങളാണെന്നു കണ്ടുപിടിക്കുവാന്‍ പ്രയാസമുണ്ടാകുന്നതല്ല. ആ പാട്ടുകള്‍ക്കു് എതുക, മോന, അന്താദിപ്രാസം, വൃത്തവിശേഷം ഈ ലക്ഷണങ്ങളെല്ലാമുണ്ടു്. ദ്രമിഡസംഘാതാക്ഷരനിബദ്ധമല്ലെന്നുള്ളതു് അവയെ രാമചരിതത്തില്‍നിന്നു വ്യാവര്‍ത്തിപ്പിക്കുന്നു. മൂന്നു കവികളും തിരഞ്ഞെടുത്തിട്ടുള്ള വൃത്തങ്ങളും സമാനരൂപങ്ങളാകുന്നു. രാമചരിതത്തില്‍ കാണുന്ന പഴയ മലയാളപദങ്ങളും പ്രയോഗങ്ങളും പ്രായേണ നിരണം കൃതികളിലുമുണ്ടു്. എന്നാല്‍ മലയാളത്തിനു സംസ്കൃതസമ്പര്‍ക്കംകൊണ്ടുള്ള കാലാനുസൃതമായ വികാസം അവയില്‍ എവിടേയും പ്രസ്പഷ്ടവുമാണു്. ʻഏഷ കഷായപടാവൃത കടിതടശോഭിതനായ്വാമാംസേʼ എന്നും ʻപുഷ്കരപത്രമനോഹരനേത്രേ പൂര്‍ണ്ണശശാങ്കനിഭാനനരമ്യേʼ എന്നും ʻഅവ്യക്തം പരിപൂര്‍ണ്ണമഹം പുനരഖില ചരാചരഭൂതംʼ എന്നും മറ്രും പ്രയോഗിക്കുവാന്‍ അവര്‍ക്കു യാതൊരുകൂസലും തോന്നിയില്ല. രാമപ്പണിക്കര്‍ താന്‍ നിരണത്തുകാരനും തൃക്കപാലീശ്വരത്തു ശിവന്റെ ഉപാസകനുമാണെന്നു തുറന്നു പറയുന്നുണ്ടു്. ശങ്കരന്‍ ആ വിഷയത്തില്‍ മൂകനാണു്. അദ്ദേഹത്തെ ഒരു പ്രതീകത്തില്‍ ʻഇതി വെള്ളാങ്ങല്ലൂര്‍ ശങ്കരവിരചിതായാം ഭാരതമാലായാംʼ എന്നു രേഖപ്പെടുത്തീട്ടുള്ളതായി അറിയുന്നു. ആ കുറിപ്പില്‍നിന്നുമാത്രം മാധവന്‍ കൊച്ചിയിലെ വെള്ളാങ്ങല്ലൂര്‍ക്കാരനാണെന്നു് അനുമാനിക്കേണ്ടതില്ല. മാധവപ്പണിക്കര്‍ താന്‍ മലയിന്‍കീഴ് ശ്രീകൃഷ്ണന്റെ ഭക്തനാണെന്നു് പ്രസ്താവിച്ചിരിക്കുന്നു. മലയിന്‍കീഴ്കാരനെ എങ്ങനെ നിരണവുമായി ഘടിപ്പിയ്ക്കാമെന്നു ചിലര്‍ ചോദിക്കാറുണ്ടു്. അതിനു സംശയം നീങ്ങത്തക്ക വിധത്തില്‍ ഉത്തരം പറവാന്‍ കഴിയും. മലയിന്‍കീഴില്‍ തിരുവല്ലാ വിഷ്ണുക്ഷേത്രംവക വസ്തുക്കള്‍ ഉണ്ടായിരുന്നു എന്നു തിരുവനന്തപുരം കാഴ്ചബങ്കളാവില്‍ സൂക്ഷിച്ചിട്ടുള്ളതും ക്രി.പി. പതിനൊന്നാം ശതകത്തോടടുപ്പിച്ചു് ഉത്ഭവിച്ചതെന്നു് ഊഹിക്കാവുന്നതുമായ ഒരു താമ്രശാസനത്തില്‍നിന്നറിയുന്നു. കൊല്ലം 921 കന്നി 2-ആം തിയതിയിലെ ഒരു രേഖയില്‍ ʻതിരുവല്ലാക്ഷേത്രത്തിലേയും പെരിങ്ങര തൃക്കോവിലിലേയും മലയിന്‍കീഴിടപ്പെട്ട ക്ഷേത്രങ്ങളിലേയുംʼ എന്ന വാചകമുള്ള ഒരു ʻസാക്ഷിയോലക്കാര്യംʼ കാണ്മാനുണ്ടു്. മലയിന്‍കീഴ് തേവരെ തിരുവല്ലാത്തേവരെപ്പോലെതന്നെ ʻതിരുവല്ലഭന്‍ʼ എന്നു ഒരു സ്തോത്രത്തില്‍ പ്രസ്തുതകവികളില്‍ ഒരാള്‍ വന്ദിച്ചുകാണുന്നു. ʻചൊല്ലാര്‍ന്നന മലയിന്‍കീഴ്‌ത്തിരുവല്ലഭനേʼ എന്നാണു് അദ്ദേഹം ആ ദേവനെ അഭിസംബോധനം ചെയ്യുന്നതു്. ഇവയില്‍നിന്നു് മലയിന്‍കീഴ് ക്ഷേത്രം തിരുവല്ലാ ക്ഷേത്രത്തിന്റെ കീഴീടായിരുന്നു എന്നൂഹിക്കാം. ഈ ക്ഷേത്രങ്ങള്‍ തിരുവല്ലാദേശികളും പ്രതാപശാലികളുമായ പത്തില്ലത്തില്‍ പോറ്റിമാരുടെ വകയായിരുന്നു. നിരണം, തിരുവല്ലാ ക്ഷേത്രസങ്കേതത്തിനു തെക്കാണെങ്കിലും ആ ഗ്രാമത്തിന്റെ ഒരു ഭാഗമായിരുന്നു. ആ വഴിക്കു പത്തില്ലത്തില്‍ പോറ്റിമാരുടെ കാര്യസ്ഥനെന്ന നിലയില്‍ കണ്ണശ്ശപ്പണിക്കര്‍ക്കും അദ്ദേഹത്തിന്റെ കുടുംബക്കാര്‍ക്കും മലയിന്‍കീഴില്‍ താമസിക്കേണ്ട ആവശ്യം നേരിട്ടിരുന്നിരിക്കാവുന്നതാണു്. അദ്ദേഹം മലയിന്‍കീഴ് നിന്നു സ്വദേശത്തേക്കു മടങ്ങിപ്പോകുമ്പോള്‍ ഏതോ ഒരു മലയ്ക്കുമുകളില്‍വെച്ചു പരഗതിയെ പ്രാപിച്ചതായി ഐതിഹ്യമുണ്ടു്. അദ്ദേഹത്തിന്റെ പുത്രന്മാരായ രണ്ടു ʻവിദ്യാധിപന്മാʼരില്‍ ഒരാള്‍ മാധവപ്പണിക്കരും മറ്റൊരാള്‍ ശങ്കരപ്പണിക്കരുമായിരിക്കാം. അവരെല്ലാവരും സംസ്കൃതത്തില്‍ അസാധാരണമായ വൈദുഷ്യം സമ്പാദിച്ചിരുന്നു. ഇതരജാതിക്കാരുടെ വിദ്യാഭിവൃദ്ധിക്കു മലയാളബ്രാഹ്മണര്‍ വിരോധികളായിരുന്നു എന്നുള്ള അപവാദത്തെ ഈ വസ്തുത ഏറെക്കുറെ മാര്‍ജ്ജനം ചെയ്യുന്നു.
കാലം
പ്രസ്തുതകവികള്‍ ജീവിച്ചിരുന്ന കാലം ഏതെന്നാണു് അടുത്തതായി വിചാരണ ചെയ്യേണ്ടിയിരിക്കുന്നതു്. ഭാരതമാലയുടെ ഒരു പ്രതി കൊല്ലം 612-ല്‍ എഴുതിവച്ചിരുന്നതു 614-ല്‍ പകര്‍ത്തിയതിനും മറ്റൊരു പ്രതി 689-ല്‍ പകര്‍ത്തിയതിനും പര്യാപ്തമായ ലക്ഷ്യമുണ്ടു്. 614-ലെ ഗ്രന്ഥം ഗോവിന്ദപിള്ള സര്‍വാധികാര്യക്കാരും ഞാനും കണ്ടിട്ടുണ്ടു്. തിരുവല്ലത്തിനു സമീപമുള്ള അമ്പലത്തുറ ആശാന്റെ വകയായിരുന്നു ആ ഗ്രന്ഥം; അതിപ്പോള്‍ എവിടെയാണെന്നു രൂപമില്ല. 614-ല്‍ ഗ്രന്ഥം പകര്‍ത്തിയതു നിര്‍മ്മാതാവിന്റെ അനുവാദത്തോടുകൂടിയായിരുന്നു എന്നു ഗോവിന്ദപ്പിള്ള പറയുന്നതിനു് ആധാരമൊന്നും കാണുന്നില്ല. 689-ലെ ഗ്രന്ഥത്തില്‍ അതു 12-ലെ ഗ്രന്ഥം പകര്‍ത്തിയതാണെന്നു പ്രസ്താവിച്ചിട്ടുണ്ടു്. ഈ തെളിവുകള്‍ വച്ചുകൊണ്ടും ഭാഷയുടെ ഗതിയെ ആസ്പദമാക്കിയും ഉദ്ദേശം കൊല്ലം 525നു മേല്‍ 625നു് അകം ഈ കവികള്‍ ജീവിച്ചിരുന്നു എന്നു ഞാന്‍ അനുമാനിക്കുന്നു.
No comments:
Post a Comment